സ്വന്തം ലേഖകന്‍: റഷ്യന്‍ ചാരനെ വധിക്കാന്‍ പുടിന്‍ ഉത്തരവിട്ടെന്ന് ബ്രിട്ടീഷ് ജഡ്ജിയുടെ വെളിപ്പെടുത്തല്‍, കൊന്നത് പുടിന്റെ മാഫിയാ ബന്ധം ചോരാതിരിക്കാന്‍. ചാര സംഘടനയായ ഫെഡറല്‍ സെക്യൂരിറ്റി ഫോഴ്‌സ്(എഫ്.എസ്.ബി) ലെ മുന്‍ അംഗത്തെ വധിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അനുമതി നല്‍കി എന്നാണ് ബ്രിട്ടീഷ് ജഡ്ജിയായ റോബര്‍ട്ട് ഓവന്‍ ആരോപണം ഉന്നയിച്ചത്.
ബ്രിട്ടനിലേക്ക് കടന്ന മുന്‍ റഷ്യന്‍ ചാരന്‍ അലക്‌സാണ്ടര്‍ ലിറ്റ്‌വിനെങ്കോയെ വധിക്കാനായി എഫ്. എസ്.ബിക്ക് പുടിന്‍ അനുമതി നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. 2006 നവംബറില്‍ ലണ്ടനിലെ ഒരു ഹോട്ടലില്‍ വച്ച് ലിറ്റ്‌വിനെങ്കോയയ്ക്ക് ചായയില്‍ വിഷം ചേര്‍ത്ത് നല്‍കിയെന്നാണ് റോബര്‍ട്ട് ഓവന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചായയില്‍ പൊളോണിയം കലര്‍ത്തി നല്‍കിയാണ് ലിറ്റ്‌വിനെങ്കോയയെ കൊന്നത്.
പുടിനും എഫ്.എസ്.ബിക്കും എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് 2000 ലാണ് ലിറ്റ്‌വിനെങ്കോ ബ്രിട്ടനിലേക്ക് കടന്നത്. റഷ്യയിലെ മാഫിയ പ്രവര്‍ത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും മറ്റും പുടിന് വ്യക്തമായ പങ്ക് ഉണ്ടെന്നായിരുന്നു ലിറ്റ്‌വിനെങ്കോയുടെ ആരോപണം. എന്നാല്‍ ലെറ്റ്‌വിനെങ്കോയുടെ മരണത്തിനു പിന്നില്‍ തങ്ങളാണെന്നുള്ള ആരോപണം റഷ്യ നിഷേധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല