![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-13-172800.png)
സ്വന്തം ലേഖകൻ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമീര്‍ പുതിനും ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിർ സെലന്‍സ്‌കിയും സമാധാനം പുലരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുവരുമായി ഇന്നലെ ഫോണ്‍ സംഭാഷണം നടത്തിയെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തന്റെ ഭരണകൂടത്തിന്റെ ആദ്യ ദിവസം തന്നെ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പ്രചാരണ വേളയില്‍ ട്രംപ് അവകാശപ്പെട്ടിരുന്നു.
യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ യുഎസ് ഉന്നതതല ഉദ്യോഗസ്ഥര്‍ക്ക് ട്രംപ് ഉത്തരവ് നല്‍കിയിരുന്നു. നാറ്റോ സൈനിക സഖ്യത്തില്‍ ചേരാനും റഷ്യ പിടിച്ചെടുത്ത പ്രദേശം മുഴുവന്‍ തിരിച്ചുപിടിക്കാനുമുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കീവ് ഉപേക്ഷിക്കേണ്ടിവരുമെന്ന് ട്രംപിന്റെ പ്രതിരോധ സെക്രട്ടറി നേരത്തെ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കങ്ങള്‍.
യുദ്ധം നിര്‍ത്താനുള്ള ചര്‍ച്ച വേഗത്തില്‍ നടത്താമെന്ന് പുതിന്‍ സമ്മതിച്ചതായി ട്രംപ് കൂട്ടിചേര്‍ത്തു. ഭാവിയില്‍ വെടിനിര്‍ത്തല്‍ ആലോചിക്കുന്നുണ്ടെന്നും. ഇതിന് അറുതി വരുത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പുതിന്‍ പറഞ്ഞതായി ട്രംപ് വ്യക്തമാക്കി.നമ്മള്‍ സമാധാനത്തിലേക്കുള്ള പാതയിലാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രസിഡന്റ് പുതിന്‍ സമാധാനം ആഗ്രഹിക്കുന്നു, പ്രസിഡന്റ് സെലന്‍സ്‌കി സമാധാനം ആഗ്രഹിക്കുന്നു, ഞാനും സമാധാനം ആഗ്രഹിക്കുന്നു. ആളുകളെ കൊല്ലുന്നത് ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ റഷ്യയും യുക്രൈനും ചര്‍ച്ചയ്ക്ക് തയ്യാറായാല്‍, ഇരുരാജ്യങ്ങളും പിടിച്ചെടുത്ത പ്രദേശങ്ങളുടെ പരസ്പര കൈമാറ്റം എന്ന നിര്‍ദേശം യുക്രൈന്‍ മുന്നോട്ട് വെക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. യുക്രൈനിലെ റഷ്യയുടെ കൈവശമുള്ള ഭൂപ്രദേശങ്ങള്‍ക്ക് പകരം കുര്‍സ്‌കിലെ യുക്രൈന്‍ അധിനിവേശ പ്രദേശം റഷ്യക്ക് നല്‍കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
കുര്‍സ്‌ക് മേഖല റഷ്യയ്ക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പകരം റഷ്യയുടെ അധീനതയിലുള്ള ഏതെല്ലാം പ്രദേശങ്ങളാണ് തിരികെ ചോദിക്കുക എന്ന ചോദ്യത്തിന്, തങ്ങളുടെ എല്ലാ ഭൂപ്രദേശങ്ങളും പ്രധാനപ്പെട്ടതാണെന്നും അതില്‍ മുന്‍ഗണനകളില്ലെന്നുമായിരുന്നു സെലന്‍സ്‌കിയുടെ മറുപടി.
2014 ലാണ് റഷ്യ യുക്രൈനില്‍ നിന്ന് ക്രിമിയ പിടിച്ചെടുത്തത്. പിന്നീട് 2022 ല്‍ ഡോണെസ്‌ക്, ഖെര്‍സണ്‍, ലുഹന്‍സ്‌ക്, സപ്പോറിഷിയ എന്നിവിടങ്ങളും പിടിച്ചെടുത്തു. എങ്കിലും ഈ പ്രദേശങ്ങള്‍ക്ക് മേല്‍ റഷ്യയ്ക്ക് പൂര്‍ണ നിയന്ത്രണമില്ല.
യുദ്ധമവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്ന് തന്നെയാണ് യുഎസിന്റെ നിരീക്ഷണം.അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ യുഎസിന്റെ മധ്യസ്ഥതയില്‍ റഷ്യയും യുക്രൈനും തമ്മില്‍ കരാറുണ്ടാക്കുന്നുണ്ടെങ്കില്‍ കര്‍ശനമായ സുരക്ഷാ ഗാരന്റിയും വേണമെന്ന നിലപാടാണ് സെലന്‍സ്‌കിയ്ക്ക്.
നാറ്റോ അംഗത്വം, സമാധാന സേനയുടെ വിന്യാസം ഉള്‍പ്പടെയുള്ള സൈനിക ഉടമ്പടികള്‍ അടങ്ങുന്ന വ്യവസ്ഥകള്‍ കരാറിലുണ്ടാകണമെന്നാണ് യുക്രൈന്‍ നിലപാട്. അല്ലാത്തപക്ഷം റഷ്യ സൈന്യത്തെ പുനഃസംഘടിപ്പിക്കുമെന്നും വീണ്ടും ആക്രമണം നടത്തിയേക്കുമെന്നുമാണ് യുക്രൈന്റെ ആശങ്ക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല