1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2025

സ്വന്തം ലേഖകൻ: യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്‌കിയെന്നും എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം തന്നെ അവശേഷിക്കില്ലെന്നും ട്രംപ് വിമര്‍ശിച്ചു. തന്റെ സമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ വിമര്‍ശനം. സെലന്‍സ്‌കി യുക്രൈനില്‍ തിരഞ്ഞെടുപ്പ് നടത്തുന്നില്ല. ബൈഡനെ തെറ്റിധരിപ്പിക്കുന്നതില്‍ മാത്രമാണ് അയാള്‍ മിടുക്ക് കാണിച്ചത്. അതേസമയം റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള വിജയകരമായ ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ട്രംപിനു മാത്രമേ അത് സാധിക്കൂവെന്ന് എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറിച്ചു.

പണമായും ആയുധങ്ങളായും റഷ്യയ്‌ക്കെതിരെ പോരാടുന്ന യുക്രൈന് അമേരിക്ക സഹായങ്ങള്‍ നല്‍കിവന്നിരുന്നു. എന്നാല്‍ അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെ യുക്രൈന്‍ വിഷയത്തില്‍ അമേരിക്കന്‍ നിലപാടുകളും മാറി. അതിന്റെ പ്രതിഫലനമാണ് ട്രംപിന്റെ കടുത്ത വിമര്‍ശനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. യുദ്ധത്തിനുത്തരവാദി യുക്രൈനാണെന്ന് ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല സെലന്‍സ്‌കിക്ക് ജനപ്രീതിയില്ലെന്നും വെറും നാലുശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് ഉള്ളതെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യ പടച്ചുവിടുന്ന വ്യാജ പ്രചാരണങ്ങളുടെ ലോകത്താണ് ട്രംപ് ജീവിക്കന്നതെന്ന് സെലന്‍സ്‌കി തിരിച്ചടിച്ചു. ഇരുനേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വര്‍ധിച്ചുവരുന്നതിനിടെ റഷ്യയുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കവുമായി ട്രംപ് മുന്നോട്ടുപോവുകയാണ്.

2019ലാണ് സെലന്‍സ്‌കി യുക്രൈനില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ അധികാര കാലാവധി അവസാനിക്കുന്നതിന് മുമ്പ് യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടങ്ങിയതോടെ പട്ടാളനിയമം പ്രഖ്യാപിക്കപ്പെടുകയും സെലന്‍സ്‌കി അധികാരത്തില്‍ തുടരുകയുമായിരുന്നു. 2022 ഫെബ്രുവരി 24-ന് റഷ്യ അധിനിവേശം ആരംഭിച്ചതുമുതല്‍ ട്രംപ് അധികാരമേല്‍ക്കുംവരെ യുക്രൈന് സര്‍വപിന്തുണയുമായി നിലകൊണ്ട രാജ്യമാണ് യു.എസ്. യൂറോപ്പിലെ സഖ്യകക്ഷികളുമായും അന്താരാഷ്ട്രസംഘടനകളുമായും ചേര്‍ന്ന് റഷ്യയെ ആഗോളതലത്തില്‍ നയതന്ത്രപരമായും സാമ്പത്തികമായും ഒറ്റപ്പെടുത്താന്‍ മുന്‍പന്തിയില്‍നിന്നത് ബൈഡന്‍ സര്‍ക്കാരായിരുന്നു. അങ്ങനെയിരിക്കേയാണ് ട്രംപ് ഭരണകൂടം യുക്രൈന്‍ വിഷയത്തില്‍ തെന്നിപ്പോയ റഷ്യ-യു.എസ്. ബന്ധം നന്നാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനും തമ്മില്‍ കഴിഞ്ഞദിവസം ഫോണില്‍ സംസാരിച്ചതോടെയാണ് നയംമാറ്റത്തിലേക്ക് ഇരുരാജ്യവും നീങ്ങിയത്. യുക്രൈന്‍ വിഷയം പരിഹരിക്കുന്നതിനൊപ്പം യു.എസ്.-റഷ്യ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും പരസ്പരം സ്ഥാനപതികളെ നിയമിക്കാനും അവര്‍ സൗദിയില്‍വെച്ച് തീരുമാനിച്ചു. പുതിന് വിജയം അവകാശപ്പെടാനാകുന്നതരത്തില്‍ യുദ്ധമവസാനിപ്പിക്കാന്‍ ട്രംപ് ധാരണയുണ്ടാക്കുമെന്ന ആശങ്ക യുക്രൈനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമുണ്ട്. അത് റഷ്യയെ കരുത്തരാക്കുമെന്നും ഭാവിയില്‍ യൂറോപ്പിന് ഭീഷണിയാകുമെന്നും അവര്‍ ഭയപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.