സ്വന്തം ലേഖകൻ: യുക്രൈയിനുമായുള്ള യുദ്ധം അവസാനിപ്പിച്ചെങ്കിൽ ഉപരോധം ഉൾപ്പെടെ കടുത്ത സാമ്പത്തിക നടപടികളിലേക്ക് കടക്കുമെന്ന് റഷ്യയ്ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. യുദ്ധം അവസാനിപ്പിക്കാൻ ഉടനടി കരാർ ഉണ്ടാക്കണെമെന്നും അല്ലാത്തപക്ഷം റഷ്യൻ ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതിയും തീരുവയും ഉൾപ്പടെ ചുമത്തുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.
‘റഷ്യയെ വേദനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. റഷ്യൻ ജനതയെ ഞാൻ സ്നേഹിക്കുന്നു. പുതിനുമായി വലിയബന്ധമാണുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിൽ റഷ്യ അമേരിക്കയെ സഹായിച്ചത് ഞങ്ങൾ ഒരിക്കലും മറക്കില്ല. എന്നാൽ പരിഹാസ്യമായ ഈ യുദ്ധം നിർത്തണം. അല്ലെങ്കിൽ ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളു. ഒരു കരാറിലെത്തേണ്ട സമയമാണിത്. നമുക്കിത് എളുപ്പത്തിൽ ചെയ്യാം, അല്ലെങ്കിൽ ബുദ്ധിമുട്ടേറിയ വഴിയിലൂടെയും ചെയ്യാം. എളുപ്പവഴിയാണ് എപ്പോഴും നല്ലത്. ഇനി ഒരു ജീവനും നഷ്ടപ്പെടരുത്, അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
സത്യപ്രതിജ്ഞയ്ക്ക് മുൻപ് ട്രംപിനെ അഭിനന്ദിച്ച പുതിൻ, യുക്രെയിനിൽ ശാശ്വത സമാധാനത്തിനായി റഷ്യ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. യുക്രൈന്‍ യുദ്ധത്തിൽ, പുതിയ അമേരിക്കൻ ഭരണകൂടവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും യു.എസ്. പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപുമായി ചർച്ചകൾക്ക് ഒരുക്കമാണെന്നും പുതിൻ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല