സ്വന്തം ലേഖകന്‍: വിവാദ പാക് മോഡല്‍ കന്‍ഡീല്‍ ബലോചിനെ കൊലപ്പെടുത്തിയ സഹോദരന്‍ പിടിയില്‍, കൊലയിലേക്ക് നയിച്ചത് ബലോചിന്റെ സമൂഹമാധ്യമത്തിലെ ഫോട്ടോകളും വീഡിയോകളും. കന്‍ഡീല്‍ ബലോചിനെ(26) കൊലപ്പെടുത്തിയ കേസില്‍ ഇളയ സഹോദരന്‍ വസീമിനെ(25) ശനിയാഴ്ച അര്‍ധരാത്രി ദേര ഖാസി ഖാനില്‍നിന്നാണ് പോലീസ് പിടികൂടിയത്.
സമൂഹമാധ്യമങ്ങളില്‍ കന്‍ഡീല്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളും വീഡിയോകളുമാണ് തന്നെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നു വസീം പറഞ്ഞു. ഗുളിക കൊടുത്തു മയക്കിയശേഷം ശ്വാസംമുട്ടിച്ചാണു കൊന്നതെന്നും പത്രസമ്മേളനത്തില്‍ വസീം വെളിപ്പെടുത്തി. മുള്‍ട്ടാനിലെ കരീമാബാദില്‍ കുടുംബത്തിനൊപ്പം ഈദ് ആഘോഷിക്കാനെത്തിയതായിരുന്നു കന്‍ഡീല്‍.
കഴിഞ്ഞ മാസം മുഫ്തി അബ്ദുള്‍ ക്വാവിയുമൊത്തുള്ള കന്‍ഡീലിന്റെ സെല്‍ഫി വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് റൂത്ഇഹിലാല്‍ കമ്മിറ്റിയില്‍നിന്നു മുഫ്തിയെ പുറത്താക്കിയിരുന്നു. കന്‍ഡീലിന്റേത് ദുരഭിമാനക്കൊലയാണെന്ന് പിതാവ് മുഹമ്മദ് അസീം പറഞ്ഞു. മോഡല്‍ രംഗത്തുനിന്നു പിന്മാറാന്‍ കന്‍ഡീലിനു നിരവധി ഭീഷണികള്‍ വന്നിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് കുടുംബത്തിനു സുരക്ഷ നല്കണമെന്നാവശ്യപ്പെട്ട് മൂന്നാഴ്ച മുമ്പ് ആഭ്യന്തരമന്ത്രിക്കും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഥോറിറ്റി ഡയറക്ടര്‍ക്കും അപേക്ഷ നല്കിയിരുന്നതായി മുഹമ്മദ് അസീം പറഞ്ഞു. പിതാവിന്റെ പരാതിയിലാണ് വസീം അറസ്റ്റിലായത്.
കന്‍ഡീല്‍ ബലോചിന്റെ യഥാര്‍ഥ പേര് ഫൗസിയ അസീമെന്നാണ്. സമൂഹമാധ്യമങ്ങളില്‍ സെല്‍ഫി പോസ്റ്റുകളിലൂടെ പ്രശസ്തയായതോടെയാണ് പേരുമാറ്റി കന്‍ഡീല്‍ ബലോചായി മാറിയത്. തെക്കന്‍ പഞ്ചാബിലെ ദേരാ ഖാസി ഖാനില്‍ ബലോചിന്റെ മൃതദേഹം കബറടക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല