![](https://www.nrimalayalee.com/wp-content/uploads/2021/03/Qatar-Airways-British-Flights-Covid-Flight-Ban.jpg)
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ്. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗ്, കേപ്ടൗണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് പുനഃരാരംഭിക്കുന്നത്. ഡിസംബര്‍ 12 മുതല്‍ ഈ സര്‍വീസുകള്‍ ഉണ്ടാകുമെന്ന് വിമാനകമ്പനി അറിയിച്ചു.
ജൊഹന്നാസ്ബര്‍ഗില്‍ നിന്ന് ദിവസേന രണ്ട് സര്‍വീസുകളും കേപ്ടൗണില്‍ നിന്ന് ഒരു സര്‍വീസും ആയിരിക്കും ദോഹയിലേക്ക് ഉണ്ടാകുക. കോവിഡുമായി ബന്ധപ്പെട്ട പുതിയ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും കമ്പനി അറിയിച്ചു.
ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിലക്കേര്‍പ്പെടുത്തിയിരുന്നു. നവംബര്‍ 27 മുതലാണ് വിലക്കേര്‍പ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ അംഗോള, സാംബിയ സിംബാബ്‌വെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
അതേസമയം, ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. നിബന്ധനകളോടു കൂടിയാണ് ഇന്ത്യയില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ട വാക്സിനുകളില്‍ ഒന്നായ കൊവാക്സിന് ഖത്തര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഈ തീരുമാനം ഇന്ത്യയില്‍ നിന്ന് ഈ വാക്‌സിനെടുത്ത ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും.
കൊവാക്‌സിന്‍, സിനോഫാം, സ്ഫുട്‌നിക്, സിനോവാക് എന്നിവ ഉപാധികളോട് കൂടി അംഗീകരിക്കപ്പെട്ട വാക്‌സിനുകളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊവാക്സിന് അംഗീകാരം നല്‍കിയ നടപടി ഇതിനകം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.
കൊവാക്സിന്റെ രണ്ട് ഡോസും എടുത്തതിന് ശേഷം രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കൂ. ഖത്തറിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് നടത്തിയ സെറോളജി ആന്റിബോഡി പോസിറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റും യാത്രക്കാരുടെ കൈവശം ഉണ്ടാകണം. ഈ സര്‍ട്ടിഫിക്കറ്റിന് 30 ദിവസമാണ് കാലാവധി ഉള്ളത്. കോവിഡ് വാക്സിനേഷന്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്കിങ് രേഖ, യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം, ഇഹ്തെറാസ് പ്രീ- രജിസ്ട്രേഷന്‍ എന്നീ വ്യവസ്ഥകള്‍ യാത്രക്കാര്‍ പാലിക്കണം.
ഖത്തറിലെ എക്സെപ്ഷനല്‍ റെഡ് പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യമാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ഖത്തറിന്റെ പ്രവേശനം, ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പ്രകാരം വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ച കൊവാക്സിന്‍ എടുത്തവരാണെങ്കില്‍ നാട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് സെറോളജി ആന്റിബോഡി പരിശോധന നടത്താന്‍ കഴിഞ്ഞില്ലെങ്കിലോ ഫലം നെഗറ്റീവ് ആണെങ്കിലോ ഇവര്‍ ഖത്തറിലെത്തി 7 ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ പാലിക്കണമെന്നാണ് വ്യവസ്ഥ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല