1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2022

സ്വന്തം ലേഖകൻ: ഖത്തർ എയർവേയ്‌സിന്റെ ഫിഫ ലോകകപ്പ് -2022 യാത്രാ പാക്കേജ് വിൽപന സജീവം. ലോകകപ്പിലേക്കു ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മത്സര ടിക്കറ്റുകൾക്കുള്ള ഡിമാൻഡ് ആഗോള തലത്തിൽ വർധിച്ചു കഴിഞ്ഞു.

2021 സെപ്റ്റംബറിലാണ് ഖത്തർ എയർവേയ്‌സ് ഫിഫ ലോകകപ്പിന്റെ പ്രത്യേക യാത്രാ പാക്കേജ് പ്രഖ്യാപിച്ചത്. കാണികൾക്കു തങ്ങളുടെ ഇഷ്ട ടീമിന്റെ മത്സരം കാണാനുള്ള അവസരമൊരുക്കി സ്ഥിരീകരിച്ച മത്സര ടിക്കറ്റുകൾ, വിമാന ടിക്കറ്റ്, താമസം എന്നിവ ഉൾപ്പെടുന്നതാണു പാക്കേജ്.

എയർപോർട്ട് ട്രാൻസ്ഫർ, ഖത്തറിന്റെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം തുടങ്ങിയ അധിക സേവനങ്ങളും ആവശ്യക്കാർക്ക് തിരഞ്ഞെടുക്കാം. ഖത്തർ എയർവേയ്‌സിന്റെ പ്രിവിലേജ് ക്ലബ്ബിൽ അംഗമാകുന്നവർക്കാണു ലോകകപ്പ് യാത്രാ പാക്കേജ് ലഭിക്കുക.

അംഗത്വമെടുത്ത ശേഷം വേണം യാത്രാ പാക്കേജ് തിരഞ്ഞെടുക്കാൻ. തിരഞ്ഞെടുക്കുന്ന പാക്കേജിന് അനുസരിച്ചാണ് മത്സര ടിക്കറ്റ് ലഭിക്കുക. പോക്കറ്റ് അനുസരിച്ച് ഇഷ്ടമുള്ള താമസവും തിരഞ്ഞെടുക്കാം. ത്രീ സ്റ്റാർ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾക്കും പുറമേ ആഡംബര കപ്പലുകളിലും താമസം തിരഞ്ഞെടുക്കാം.3,800 ഡോളർ മുതലാണ് പാക്കേജിന്റെ നിരക്ക്.

ഖത്തർ എയർവേയ്‌സിന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം സപ്പോർട്ട് യുവർ ടീം (13 രാത്രി, 4 മത്സരങ്ങൾ), ഏർലി ഗ്രൂപ്പ്‌സ് (7 രാത്രി, 3 മത്സരങ്ങൾ), ലേറ്റർ ഗ്രൂപ്പ്സ് (6 രാത്രി, 3 മത്സരങ്ങൾ), റൗണ്ട് ഓഫ് 16 (4 രാത്രി, 2 മത്സരങ്ങൾ), ക്വാർട്ടർ ഫൈനൽസ് (4 രാത്രി, 2 മത്സരങ്ങൾ), ഫൈനൽ റൗണ്ട്‌സ് (8 രാത്രി, 3 മത്സരങ്ങൾ), ഫൈനൽസ് (4 രാത്രി, 2 മത്സരങ്ങൾ) എന്നിങ്ങനെ 7 പാക്കേജുകളാണ് ഉള്ളത്.

ഇതിൽ ക്വാർട്ടർ ഫൈനൽ പാക്കേജ് പൂർണമായും വിറ്റഴിച്ചു. ഏർലി ഗ്രൂപ്പ്‌സ്, റൗണ്ട് ഓഫ് 16, ഫൈനൽ റൗണ്ട്‌സ്, ഫൈനൽസ് എന്നിവയുടെ അവസാന പാക്കേജുകളാണു ലഭ്യമായുള്ളത്.

ഖത്തർ എയർവേയ്‌സിന്റെ പ്രിവിലേജ് ക്ലബ്ബിൽ അംഗമാകാൻ https://www.qatarairways.com/en/Privilege-Club.html എന്ന ലിങ്കിൽ പ്രവേശിച്ച് അംഗത്വമെടുക്കാം. പ്രവിലേജ്ക്ലബ്ബിൽ അംഗമായ ശേഷം https://www.qatarairways.com/app/fifa2022/en എന്ന വെബ്‌സൈറ്റിൽ നിന്ന് പാക്കേജ് തിരഞ്ഞെടുക്കാം.

ഏത് ടീമിന്റെ മത്സരമാണ് കാണേണ്ടത്, ഇഷ്ടമുള്ള പാക്കേജ് എന്നിവ തിരഞ്ഞെടുക്കണം. മത്സര ടിക്കറ്റ് വിഭാഗം, എത്ര യാത്രക്കാരുണ്ട്, എത്ര മുറികൾ വേണം, ഏത് നഗരത്തിൽ നിന്നാണ് യാത്ര എന്നിവ വ്യക്തമാക്കണം.

ഹോട്ടലുകൾ, ആഡംബര കപ്പലുകൾ എന്നിവയിൽ പോക്കറ്റ് അനുസരിച്ചുള്ള താമസം തീരുമാനിക്കാം. അതിനു ശേഷം വിമാനടിക്കറ്റ് എടുക്കാം. യാത്രക്കാരന്റെ വിവരങ്ങൾ എല്ലാം നൽകി പണവും അടച്ച് പാക്കേജ് സ്വന്തമാക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.