1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2022

സ്വന്തം ലേഖകൻ: നിയമ വിരുദ്ധമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് നിയമപരമായി രാജ്യത്ത് തുടരുന്നതിനോ നിയമ നടപടികള്‍ ഒഴിവാക്കി രാജ്യം വിടുന്നതിനോ സൗകര്യമൊരുക്കുന്ന പൊതുമാപ്പ് കാലാവധി മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെ, ഇതിനകം 28,500ഓളം അപേക്ഷകള്‍ ലഭിച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപേക്ഷ നല്‍കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം അത് നല്‍കുകയും ഈ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്ന് മന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അധികൃതര്‍ ആഹ്വാനം ചെയ്തു.

ഇതിനകം അപേക്ഷ നല്‍കിയ 28,476 പേരില്‍ 14,000ത്തിലേറെ പേര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. 8,227 പേര്‍ പൊതുമാപ്പ് കാലയളവില്‍ സ്വന്തം നാടുകളിലേക്ക് തിരികെ പോയി. ആറായിരത്തോളം പേര്‍ക്ക് അവരുടെ നിയമ ലംഘനങ്ങള്‍ ക്രമപ്പെടുത്തി രാജ്യത്ത് തുടരാന്‍ അനുവാദം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി. ബാക്കിയുള്ളവരുടെ അപേക്ഷകള്‍ പരിഗണിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവയില്‍ എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി തീരുമാനം അറിയിക്കും.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10ന് പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബര്‍ 31ന് അവസാനിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നതെങ്കിലും അത് ഈ വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു. മാര്‍ച്ച് 31ന് ശേഷം കാലാവധി നീട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ (എസ്എഫ്ഡി) ഉം സലാല്‍, ഉം സുനൈം, മിസൈമീര്‍, അല്‍ വക്റ, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സര്‍വീസ് സെന്ററുകള്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.

അതേസമയം, പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താന്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന മുഴുവന്‍ ആളുകളും മുന്നോട്ട് വരണമെന്ന് അധികൃതര്‍ ആഹ്വാനം ചെയ്തു. നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ച് താമസം ക്രമവല്‍ക്കരിക്കുകയോ പിഴയില്ലാതെ രാജ്യം വിടുകയോ ചെയ്യാനുള്ള അവസരമാണ് പൊതുമാപ്പിലൂടെ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പൊതു മാപ്പ് കാലാവധി കഴിഞ്ഞ ശേഷം അനധികൃത താമസക്കാര്‍ക്കും നിയമ ലംഘകര്‍ക്കുമെതിരേ കര്‍ക്കശമായ നടപടികളാവും സ്വീകരിക്കുക. അതിനു ശേഷം നിയമലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെടുന്നവര്‍ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തൊഴില്‍ നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്നവരും തൊഴിലുമട അബ്സ്‌കോണ്ടിംഗ് പരാതി നല്‍കി 30 ദിവസം കഴിഞ്ഞവരുമായ പ്രവാസികള്‍ക്ക് നിയമം അനുശാസിച്ചിട്ടുള്ള അനുരഞ്ജന വ്യവസ്ഥകള്‍ സ്വീകരിച്ച് രാജ്യം വിടാം. ഇവര്‍ക്ക് മറ്റൊരു വിസയില്‍ ഖത്തറിലേക്ക് മടങ്ങി വരാവുന്നതുമാണ്. അതേപോലെ, റസിഡന്‍സ് പെര്‍മിറ്റ് കാന്‍സല്‍ ചെയ്ത ശേഷം 90 ദിവസത്തില്‍ കൂടുതല്‍ കാലം ഖത്തറില്‍ തങ്ങുന്നവര്‍ക്കും ഇതു തന്നെയാണ് വ്യവസ്ഥ. അവര്‍ക്കും നിയമം അനുശാസിച്ചിട്ടുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സ്വീകരിച്ച് രാജ്യം വിടാവുന്നതും മറ്റൊരു വിസയില്‍ ഖത്തറിലേക്ക് മടങ്ങി വരാവുന്നതുമാണ്.

റെസിഡസന്‍സ് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞ് 90 ദിവസം പൂര്‍ത്തിയാക്കിയവരായ പ്രവാസികള്‍ മറ്റൊരു തൊഴിലുടമയ്ക്കു കീഴിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് താമസം ക്രമപ്പെടുത്തി രാജ്യത്ത് തുടരാന്‍ അനുവാദമുണ്ടായിരിക്കും. ജോലിയില്‍ നിന്ന് ഓടിപ്പോയതായി തൊഴിലുടമ പരാതി നല്‍കിയ പ്രവാസികള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മറ്റൊരു തൊഴിലുടമയിലേക്ക് മാറാന്‍ പൊതുമാപ്പിലൂടെ അനുവാദം നല്‍കും.

വര്‍ക്ക് വിസയില്‍ രാജ്യത്തെത്തി 90 ദിവസമായിട്ടും റെസിഡന്‍സ് പെര്‍മിറ്റിലേക്ക് മാറിയിട്ടില്ലാത്തവര്‍ക്കും ജോലി ഉപേക്ഷിച്ച് പോയതായി തൊഴിലുടമ പരാതി നല്‍കിയവര്‍ക്കും സ്റ്റാറ്റസ് ക്രമപ്പെടുത്തി രാജ്യത്ത് തുടരാം. ഇതിന് ലേബര്‍ ഡിപാര്‍ട്ട്മെന്റില്‍ നിന്നുള്ള പ്രത്യേക അനുമതി തേടണം. അതേസമയം, നിയമ വിരുദ്ധമായി രാജ്യത്ത് തുടരുന്ന പ്രവാസികള്‍ക്കായുള്ള പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ച 2021 ഒക്ടോബര്‍ 10ന് ശേഷം ജോലിയില്‍ നിന്ന് ഓടിപ്പോയതായി കാണിച്ച് തൊഴിലുടമ പരാതിപ്പെട്ടവരുടെ അപേക്ഷകള്‍ പൊതുമാപ്പ് ആനുകൂല്യത്തിനായി പരിഗണിക്കില്ല. ഇത് പൊതുമാപ്പ് കാലാവധിയില്‍ ഉള്‍പ്പെടില്ല എന്നതാണ് കാരണം.

പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ പ്രവാസികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിയമ ലംഘകര്‍ക്കുള്ള ഒത്തുതീര്‍പ്പ് തുക പകുതിയായി കുറച്ചതായി നേരത്തേ യൂനിഫൈഡ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ അന്‍സാരി അറിയിച്ചിരുന്നു. തൊഴിലാളികളുടെ വിസ നിയമങ്ങള്‍ ലംഘിച്ച കമ്പനികള്‍ക്കാണ് പ്രധാനമായും ഇതിന്റെ ആനുകൂല്യം ലഭിക്കുക. സ്ഥാപനത്തിന് കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ റെസിഡന്‍സ് വിസ എടുക്കല്‍, വിസ പുതുക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കുള്ള സെറ്റില്‍മെന്റ് തുകയാണ് 50 ശതമാനമായി കുറച്ചത്. ഇത് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ പേര്‍ക്ക് പ്രചോദനമാവും എന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.