സ്വന്തം ലേഖകൻ: ഖത്തറിലെ പൊതുമാപ്പ് അവസാനിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്ത് നിയമപരമായി താമസിക്കാനും പുതിയ തൊഴിൽ കണ്ടെത്തിയവരും ആയിരങ്ങളാണ്. കൂടാതെ ഈ അവസരം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയവരും നിരവധി പേരാണ്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോയവർക്ക് തൊഴിലിനും മറ്റുമായി വീണ്ടും ഖത്തറിലേക്ക് വരാനുള്ള അനുമതിയും അധികൃതർ നൽകിയിട്ടുണ്ട്.
2021 ഒക്ടോബറിൽ ആരംഭിച്ച ഈ അവസരം ആദ്യം മൂന്ന് മാസ കാലാവധിയോടെ ഡിസംബർ 31 ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട്, കൂടുതൽ പേർക്ക് പ്രയോജനം ലഭ്യമാക്കാനായി മാർച്ച് 31 വരെ നീട്ടി നൽകുകയായിരുന്നു. പൊതുമാപ്പിനെക്കുറിച്ചും അതിലെ ആനുകൂല്യങ്ങൾ, നടപടിക്രമങ്ങൾ തുടങ്ങിയവെ സംബന്ധിച്ച് അഭ്യന്തര മന്ത്രാലയത്തിന് കീഴിൽ എണ്ണമറ്റ അവബോധ ക്ലാസുകൾ നടത്തിയതിന് പുറമെ, എല്ലാ നടപടിക്രമങ്ങളും മലയാളം ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്തു പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അഞ്ച് സർക്കാർ സർവ്വീസ് സെൻററുകൾ വഴി പൊതുമാപ്പിന് അപേക്ഷ നൽകാനുള്ള അവസരവും നൽകിയിരുന്നു. അപേക്ഷ ലഭിച്ച് ദിവസങ്ങൾക്കകം നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. ഇതിന് പുറമെ, പ്രശ്നപരിഹാരത്തിനായി ഉയർന്ന ഉദ്യോഗസ്ഥരെ നേരിൽ സമീപിക്കാനുള്ള വിപുല സൗകര്യവും ഒരുക്കിയിരുന്നു.
ലോകത്ത് മിക്കയിടങ്ങളിലും പ്രവാസികളെ ഒഴിവാക്കാൻ നിയമ നിർമ്മാണം നടത്തുമ്പോഴാണ് ഖത്തർ സർക്കാർ നിയമവിധേയമായി രാജ്യത്ത് തങ്ങാനും ഇഷ്ടപ്പെട്ടതും കൂടുതൽ സാമ്പത്തിക മെച്ചമുളളതുമായ ജോലി സമ്പാദിക്കാനും അവസരം ഒരുക്കിയത്. എന്നാൽ, ഇത്രയൊക്കെ അവസരം ഒരുക്കിയിട്ടും ഇതൊന്നും പ്രയോജനപ്പെടുത്താത്തവർക്ക് ഏറെ പ്രയാസം ഉണ്ടാവുക സ്വാഭാവികമാണ്. പൊതുമാപ്പ് കാലാവധി കഴിഞ്ഞ അവസരത്തിൽ രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്കായി തിരച്ചിൽ ശക്തമാവാനിടയുണ്ട്. ഇവർക്ക് എല്ലാ നിയമ നടപടികളും ബാധകമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല