സ്വന്തം ലേഖകൻ: ലോകകപ്പിന് ആതിധേയത്വം പ്രഖ്യാപിച്ചത് മുതല്‍ ഖത്തറിനെതിരെ ഉയരുന്ന വിദ്വേഷ പ്രചാരണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ പിന്തുണയുമായി ഖത്തറിലെ ഇന്ത്യക്കാര്‍. സോഷ്യല്‍ മീഡിയയില്‍ വി ലവ് ഖത്തര്‍, വീ സപ്പോര്‍ട്ട് ഖത്തര്‍ പ്രചാരണം ശക്തമാകുന്നു. പ്രവാസി തൊഴിലാളികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ തള്ളിക്കൊണ്ടാണ് ഖത്തറിന് പിന്തുണ ഉയരുന്നത്. ഖത്തറിനെ സപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റുകളും ഹാഷ്ടാഗുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ലോകകപ്പിന്റെ 100 ദിവസത്തെ കൗണ്ടൗണ്‍ ആരംഭിച്ചത് മുതല്‍ ഖത്തറിനെ പിന്തുണച്ച് മലയാളികള്‍ ഉള്‍പ്പടെയാണ് രംഗത്തെത്തുന്നത്. ദോഹയുടെ വിവിധ മേഖലകളില്‍ ഖത്തറിനെ പിന്തുണച്ചുള്ള റാലികളും പരേഡുകളും ഘോഷയാത്രകളും നടക്കുകയാണ്. ഖത്തറിന്റെ ജഴ്‌സിയണിഞ്ഞ് ദേശീയ പതാകയേന്തി കുട്ടികളും മുതിര്‍ന്നവരുമാണ് ഘോഷയാത്രയില്‍ പങ്കെടുക്കുന്നത്.
പ്രവാസി തൊഴിലാളികള്‍ക്ക് പണം നല്‍കിയാണ് ലോകകപ്പ് ആരാധകരാക്കയതെന്നാണ് ചില പാശ്ചാത്യരാജ്യങ്ങളില്‍ വന്ന മാധ്യമ റിപ്പോര്‍ട്ട്. മലയാളി കൂട്ടായ്മകള്‍ നടത്തിയ സംഗമങ്ങളുടെ ചിത്രമാണ് ഈ വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാല്‍ കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമം മനസിലാക്കാതെ വന്ന വാര്‍ത്തകള്‍ക്കെതിരെ ട്രോളുകളും സജീവമാണ്.
ഏഴര ലക്ഷത്തോളമുള്ള പ്രവാസി ഇന്ത്യക്കാരില്‍ നാലര ലക്ഷത്തോളം പേര്‍ മലയാളികളാണ്. ഫുട്ബോളിനെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന മലബാറുകാരാണ് മലയാളികളില്‍ ഭൂരിഭാഗവും. ലോകകപ്പിനെ ഏറ്റവും അധികം ആവേശത്തോടെ സ്വീകരിക്കുന്നതും ഖത്തറിലെ മലയാളി സമൂഹമാണ്. അതുകൊണ്ട് തന്നെ ഖത്തറിന് പിന്തുണയുമായി മലയാളികള്‍ തന്നെയാണ് മുന്‍പന്തിയില്‍.
ഈ വര്‍ഷത്തെ ലോകകപ്പ് ഖത്തറില്‍ എത്തിയതോടെ കോളടിച്ചത് ശരിക്കും മലയാളികളാണ്. ഒരു ലോകകപ്പ് കാണണമെന്ന അഭിലാഷമാണ് ഇവിടെ യാഥാര്‍ഥ്യമാകുന്നത്. ലാകകപ്പ് വൊളന്റിയര്‍മാരായ 20,000 പേരില്‍ ആയിരത്തിലധികം പേരും മലയാളികളാണ്. നഴ്സുമാര്‍ മുതല്‍ മെട്രോ, ബസ് സ്റ്റേഷനുകളിലെ സുരക്ഷാ ജീവനക്കാരില്‍ വരെ ഭൂരിഭാഗവും മലയാളികള്‍ തന്നെയാണ്. ഇതോടെ ഖത്തര്‍ ലോകകപ്പ് മലയാളികളുടെ ലോകകപ്പായി മാറിയിരിക്കുകയാണ്.
ചെറിയ അറബ് രാജ്യമായ ഖത്തര്‍ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണ് വിദ്വേഷ പ്രചാരണങ്ങള്‍ക്ക് പിന്നിലെ കാരണമെന്നാണ് വിലയിരുത്തുന്നത്. ഫുട്‌ബോള്‍ ആരാധകര്‍ക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ഖത്തര്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുക്കിയിരുന്നു. ഒരു അടിപൊളി ടൂര്‍ണമെന്റ് ലാകത്തിന് സമ്മാനിക്കാന്‍ ഒരുങ്ങുന്ന ഖത്തറിന് പൂര്‍ണ പിന്തുണയാണ് ദോഹയിലെ ഇന്ത്യന്‍ പ്രവാസികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നവംബര്‍ 20ന് ആണ് ലോകകപ്പ് ആരംഭിക്കുന്നത്. എട്ടു പുതിയ സ്റ്റേഡിയങ്ങളാണ് ഖത്തര്‍ സജ്ജമാക്കിയിരിക്കുന്നത്. ലോകകപ്പ് ഫുട്ബോള്‍ മല്‍സരം അവിസ്മരണീയമാക്കാനുള്ള എല്ലാ ഒരുക്കവും ഖത്തര്‍ ഭരണകൂടം നടത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല