സ്വന്തം ലേഖകൻ: അടുത്ത വർഷം ജനുവരിയിൽ ദോഹയിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് 2023ന്റെ ടിക്കറ്റ് വിൽപനയ്ക്ക് ഇന്ന് തുടക്കം. സ്റ്റേഡിയം പ്രവേശനത്തിന് ഹയാ കാർഡ് നിർബന്ധമില്ല. എഎഫ്‌സി ഏഷ്യൻ കപ്പ് പ്രാദേശിക സംഘാടക സമിതി അധികൃതർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഘട്ടം ഘട്ടമായി പൂർണമായും ഓൺലൈൻ വഴിയാണ് ടിക്കറ്റ് വിൽപന. മൊബൈൽ ടിക്കറ്റുകളും ലഭിക്കും.
ഡിജിറ്റൽ വോലറ്റിലും ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. ഇനി ടിക്കറ്റെടുത്തവർക്ക് റീ-സെയിൽ ചെയ്യണമെങ്കിൽ ടൂർണമെന്റിന്റെ ഔദ്യോഗിക ടിക്കറ്റ് റീ-സെയിൽ പ്ലാറ്റ്‌ഫോം വഴി വിൽക്കാമെന്നും അധികൃതർ വിശദമാക്കി. ഫിഫ ലോകകപ്പ് ഖത്തറിലേത് പോലെ ഫാൻ എൻട്രി വീസയോ ഹയാ കാർഡുമായോ ടിക്കറ്റുകളെ ബന്ധിപ്പിക്കില്ലെന്ന് പ്രാദേശിക സംഘാടക സമിതി മാർക്കറ്റിങ്-കമ്യൂണിക്കേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹസൻ അൽ ഖുവാരി വ്യക്തമാക്കി. ഏഷ്യൻ കപ്പിൽ ഹയാ കാർഡും ഉണ്ടായിരിക്കില്ല.
ഖത്തറിന്റെ ഫിഫ ലോകകപ്പിന്റെ 7 വേദികൾ ഉൾപ്പെടെ 9 സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങളാണ് ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്നത്. ലുസെയ്ൽ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾ . നിലവിലെ ചാംപ്യന്മാർ കൂടിയാണ് 18-ാമത് ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 1988, 2011 എഡീഷനുകൾക്ക് ശേഷം ഇതു മൂന്നാം തവണയാണ് ഖത്തറിന്റെ മണ്ണിൽ ഏഷ്യൻ വൻകരയുടെ പോരാട്ടം നടക്കുന്നതും. ഇത്തവണ ഇന്ത്യ ഉൾപ്പെടെ 24 ടീമുകളാണ് മത്സര രംഗത്തുള്ളത്.
നാലു വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ ലഭിക്കുക. 25 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ക്രെഡിറ്റ്-ഡെബിറ്റ് കാർഡ്, ഗൂഗിൾ പേ, ആപ്പിൾ പേ എന്നിവ മുഖേന ഓൺലൈനിൽ പേയ്‌മെന്റ് നടത്താം. അംഗപരിമിതിയുള്ളവർക്ക് 4 വിഭാഗങ്ങളിലും അക്‌സസിബിലിറ്റി ടിക്കറ്റുകളും ലഭിക്കും. എഎഫ്‌സി ഏഷ്യൻ കപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലേക്ക് എത്തുന്നവർക്ക് ന്യായമായ നിരക്കിലുള്ള വ്യത്യസ്ത താമസ സൗകര്യങ്ങൾ പ്രദാനം ചെയ്യും.
പ്രാദേശിക സംഘാടക സമിതിയാണ് ഇക്കാര്യം അറിയിച്ചത്. താമസ സൗകര്യങ്ങൾ സംബന്ധിച്ച് ഖത്തർ ടൂറിസവുമായി സഹകരിക്കുന്നു. അയൽ രാജ്യങ്ങളിൽ നിന്നും പ്രത്യേകിച്ചും സൗദി അറേബ്യയിൽ നിന്നും ദോഹയിലേക്കും തിരിച്ചും ടൂർണമെന്റ് സമയത്ത് കൂടുതൽ വിമാന സർവീസുകൾ നടത്തുന്നത് സംബന്ധിച്ച നടപടികൾ തുടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല