1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2023

സ്വന്തം ലേഖകൻ: നാളെ മുതൽ പെരുന്നാൾ അവധി തുടങ്ങുന്നതോടെ വരും ദിനങ്ങളിൽ രാജ്യത്തെ ബീച്ചുകളിൽ തിരക്കേറും. ഇതിനായി രാജ്യത്തെ ബീച്ചുകൾ തയാറായിക്കഴിഞ്ഞു. കുടുംബങ്ങൾക്കും ബാച്ച്‌ലേഴ്‌സിനും അടക്കം എല്ലാവർക്കും പ്രവേശനമുള്ള ഒട്ടേറെ ബീച്ചുകളുണ്ട്. വനിതകൾക്ക് മാത്രമായും പ്രത്യേകം ബീച്ച് ഉണ്ട്. അടുത്തിടെയാണ് നഗരസഭ മന്ത്രാലയം 15 ബീച്ചുകളുടെ നവീകരണം പൂർത്തിയാക്കിയത്.

മികച്ച അനുഭവവും ആസ്വാദനവും ഉറപ്പാക്കുന്ന തരത്തിലുള്ള സൗകര്യങ്ങളും സുരക്ഷയുമാണ് മന്ത്രാലയത്തിന് കീഴിലെ എല്ലാ ബീച്ചുകളിലും ഉള്ളത്. അവധി ദിനങ്ങളിൽ ഏറ്റവും തിരക്ക് സീലൈൻ പബ്ലിക് ബീച്ചിലാണ്. ഒട്ടകം, കുതിര സവാരികൾ ഉൾപ്പെടെ കടൽത്തീരത്ത് സന്ദർശകർക്ക് ഉല്ലാസമേകുന്ന പരിപാടികൾ ഏറെയുണ്ട്. പ്രകൃതിയോടു ചേർന്നു കിടക്കുന്ന കത്താറ ബീച്ചിലും സമയം ചെലവിടാം. കയാക്കിങ് ഉൾപ്പെടെയുള്ള ജലവിനോദങ്ങളുമുണ്ട്.

നഗരത്തിരക്കിൽ നിന്നകന്ന് ഒഴിവുസമയം ചെലവിടാനും നീന്തൽ, സൺ ബാത്ത്, ബീച്ച് ഗെയിം എന്നിവയിലും താൽപര്യമുള്ളവർക്ക് വടക്കൻ മേഖലയിലെ ഫുവൈറിത്ത് ബീച്ച് സന്ദർശിക്കാം. ബീച്ച് വോളി ഉൾപ്പെടെയുള്ള കായിക ഇനങ്ങൾക്കും സൗകര്യമുണ്ട്. തീരത്തിന്റെ പ്രകൃതി ഭംഗി ആസ്വദിച്ച് നീന്താൻ ദോഹയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഉം ബാബ് ബീച്ചിലേക്ക് പോകാം. ദോഹ നഗരത്തിന്റെ 40 കിലോമീറ്റർ അപ്പുറമാണ് കുടുംബങ്ങളുടെ ഇഷ്ട ബീച്ചായ സിമെയ്‌സ്മ.

കുട്ടികൾക്കും കുടുംബത്തിനും മണിക്കൂറുകളോളം ചെലവിടാൻ തക്കവിധം എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. അൽ വക്ര ഫാമിലി ബീച്ച്, സക്രീത്ത്, സൽവ ബീച്ച്, വനിതകൾക്കായുള്ള അൽ ഷമാലിലെ അൽ മമ്‌ലഹ ബീച്ച്, ബാച്ചിലേഴ്‌സിനുള്ള അൽ ഖരാജി ബീച്ച്, അൽ ഖരിയ, അൽ മറൂണ തുടങ്ങിയവ വേറെയുമുണ്ട്.

പബ്ലിക് ബീച്ചുകൾക്ക് പുറമെ ഹോട്ടലുകളിലെ സന്ദർശകർക്കായി മർസ മലാസ കെംപിൻസ്‌കി, ഗ്രാൻഡ് ഹയാത് ദോഹ, ഹിൽട്ടൺ സൽവ ബീച്ച് റിസോർട്ട് ആൻഡ് വില്ല, ഇന്റർ കോണ്ടിനന്റൽ ദോഹ ബീച്ച് ആൻഡ് സ്പാ, റിറ്റ്‌സ് കാൾട്ടൺ ദോഹ എന്നീ ഹോട്ടലുകളുടെ ബീച്ചുകളും അത്യാധുനിക സൗകര്യമുള്ളവയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.