1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ 12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ഖത്തറില്‍ പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കി. രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തില്‍ അധികമായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസിന് അനുമതി ഉള്ളത്.

കുട്ടികള്‍ക്ക് ഫൈസര്‍- ബയോടെക് ബൂസ്റ്റര്‍ ഡോസാണ് നിലവില്‍ നല്‍കുന്നത്. മുന്‍കൂര്‍ അനുമതി തേടാതെ തന്നെ അര്‍ഹത ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത ഹെല്‍ത്ത് സെന്ററുകളിലെത്തി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. സ്‌കൂള്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രാജ്യത്തെ 28 സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളില്‍ ഏത് സെന്ററില്‍ വിന്ന് വേണമെങ്കിലും ബൂസ്റ്റര്‍ എടുക്കാം.

ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ പ്രാഥമിക പരിചരണ കോര്‍പറേഷന്റെ 4027 7077 എന്ന ഹോട്‌ലൈന്‍ നമ്പറില്‍ വിളിച്ചും രജിസ്റ്റര്‍ ചെയ്യാം. വയോധികര്‍ക്കും ബൂസ്റ്റര്‍ ഡോസ് എത്രയും വേഗം എടുക്കാനുള്ള സംവിധാനങ്ങള്‍ അധികൃതര്‍ ക്രമീകരിച്ചിട്ടുണ്ട്.

ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7 നും ഉച്ചയ്ക്ക് 3 നും ഇടയില്‍ റുമൈല ആശുപത്രിയിലെ അടിയന്തര വയോധിക പരിചരണ യൂണിറ്റിനെ 3325 3128, 55193240 എന്നീ നമ്പറുകളില്‍ വിളിച്ച് അപോയ്ന്‍മെന്റ് എടുക്കാം. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസിന് കീഴിലുള്ള രോഗികള്‍ക്ക് ഹോം കെയറുമായി ബന്ധപ്പെട്ടാല്‍ വീട്ടിലെത്തി ബൂസ്റ്റര്‍ ഡോസ് നല്‍കും.

ഖത്തറില്‍ 10 കുട്ടികളില്‍ 9 പേര്‍ വീതം രണ്ട് ഡോസുകള്‍ വീതം എടുത്തവരാണ്. സെപ്തംബര്‍ മുതല്‍ ആരംഭിച്ച കോവിഡ് ബൂസ്റ്റര്‍ ഡോസ് വിതരണത്തില്‍ ഇതുവരെ 3 ലക്ഷത്തിലധികം ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്ത് കഴിഞ്ഞു.

രാജ്യത്ത് വരും ആഴ്ചകളില്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നാം തരംഗം രൂക്ഷമായിട്ടില്ലെന്നും വരും ആഴ്ചകള്‍ നീളുമെന്നും കോവിഡ് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ഖാന്‍ അറിയിച്ചു.

രാജ്യത്തെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കോവിഡ് വ്യാപനത്തെ നേരിടാന്‍ തയ്യാറാകണമെന്നും ഡോ. അല്‍ ഖാല്‍ ആഹ്വാനം ചെയ്തു. നിലവില്‍ കോവിഡ് പോസിറ്റീവ് ആയവരില്‍ ഭൂരിഭാഗം പേര്‍ക്കും നേരിയ രോഗലക്ഷണങ്ങളാണ് ഉള്ളത്. ലക്ഷണങ്ങള്‍ കൂടുതല്‍ ദിവസം നീളുന്നില്ല.

ഒമിക്രോണ്‍ ലക്ഷണങ്ങള്‍ നേരിയതാണെങ്കിലും വ്യാപനശേഷി ഉയര്‍ന്നതാണ്. പനിയുള്ളവര്‍ വേഗത്തില്‍ മരുന്ന് കഴിക്കുകയും പോഷകം നിറഞ്ഞ ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണമെന്നും ഡോ. അല്‍ഖാല്‍ നിര്‍ദേശിച്ചു.

കോവിഡ് പോസിറ്റീവായാല്‍ ഗുരുതര രോഗ ലക്ഷണങ്ങളില്ലാത്തവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. എന്നാല്‍, വീടുകളില്‍ കഴിയുമ്പോള്‍ ഇവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്ക വിലക്കില്‍ ആയിരിക്കണം. ഗുരുതര രോഗലക്ഷണങ്ങളില്ലാത്തവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ കമ്യൂണിക്കബ്ള്‍ ഡിസീസ് സെന്റര്‍ മേധാവി ഡോ. മുന അല്‍ മസ്ലമാനിയും ശരിവെച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.