സ്വന്തം ലേഖകന്‍: കടലിനടിയില്‍ ഇന്റര്‍നെറ്റ് കേബിള്‍ സ്ഥാപിച്ച് ഭൂഖണ്ഡങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഖത്തര്‍. ഇതോടെ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് ശൃംഖലയുടെ കേന്ദ്രമാകാനാണ് ഖത്തര്‍ ഭരണകൂടം ഉന്നംവക്കുന്നത്. കടലിനടിയിലൂടെ സ്ഥാപിക്കുന്ന ഇന്റര്‍നെറ്റ് കേബിളുകളാണ് വികസ്വര രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക.
അന്താരാഷ്ട്ര വാര്‍ത്ത വിനിമയ കമ്പനിയായ ഉരീദുവിന്റെ നേതൃത്വത്തിലാണ് ഉന്നത ക്ഷമതയുള്ള കേബിള്‍ സംവിധാനം ഖത്തറില്‍ ഒരുങ്ങുന്നത്. ലോകത്തെ പ്രധാന രാജ്യങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്നതിന്റെ പ്രധാന കേന്ദ്രമായി ഖത്തര്‍ മാറുന്നത് സുപ്രധാനമായ നേട്ടമാണെന്ന് ഉരീദു ഖത്തര്‍ സി.ഇഒ വാലിദ് അല്‍ സയിദ് പറഞ്ഞു.
ഏഷ്യ,ആഫ്രിക്ക, യൂറോപ്പ് വന്‍കരകള്‍ക്കിടയില്‍ കേബിള്‍ സ്ഥാപിക്കുന്നതിന്റെ ഖത്തറിലെ ജോലികള്‍ കഴിഞ്ഞ ദിവസം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. 25,000 കിലോമീറ്റര്‍ ദൂരം കടലിനടിയിലൂടെയാണ് കേബിള്‍ പോകുന്നത്. കടലിനടിയില്‍ സ്ഥാപിക്കുന്ന ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ കേബിളാണ് എ.എ.ഇ1ന്റെത്. ഖത്തറിലെ ജനങ്ങള്‍ക്ക് പുതിയ പദ്ധതിവഴി മികച്ച വേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം ആസ്വദിക്കാന്‍ കഴിയുമെന്നും അധികൃതര്‍ പ്രതീക്ഷ നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല