സ്വന്തം ലേഖകൻ: അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനങ്ങൾ, സേവന ദാതാക്കൾ എന്നിവരുമായി ഇടപാടുകൾ നടത്തരുതെന്ന മുന്നറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക്. ലൈസൻസ് ഇല്ലാത്ത ധനകാര്യ കമ്പനികളുടെയും സേവന ദാതാക്കളുടെയും പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിലാണിത്. ഖത്തർ സെൻട്രൽ ബാങ്കിന്റെ ലൈസൻസ് ഇല്ലാതെ സേവനങ്ങളോ വെർച്വൽ ആസ്തികളോ പ്രദാനം ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
ജനങ്ങൾ ഇത്തരം അനധികൃത ധനകാര്യ സ്ഥാപനങ്ങളുമായി ഒരു തരത്തിലും ഇടപാടുകൾ നടത്തരുതെന്നും ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകി.
ഖത്തർ സെൻട്രൽ ബാങ്ക് നിയമം, ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണം എന്നിവയുടെ വ്യവസ്ഥകൾക്ക് അനുസൃതമായി ധനകാര്യ പ്രവർത്തനങ്ങളും സേവനങ്ങളും പ്രദാനം ചെയ്യാനുള്ള ലൈസൻസ് നൽകുന്നതിനുള്ള സൂപ്പർവൈസറി അതോറിറ്റി ഖത്തർ സെൻട്രൽ ബാങ്കാണ്.
വെർച്വൽ കറൻസികളിലും ആസ്തികളിലും വിനിമയം, ട്രാൻസ്ഫർ, വ്യാപാരം, ഇടപാടുകൾ എന്നിവ സംബന്ധിച്ച സേവനങ്ങൾ നടത്താനോ അല്ലെങ്കിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾക്കും താൽപര്യങ്ങൾക്കും ഹാനികരമാകുന്നതിനാൽ അവയെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളോ നൽകാൻ രാജ്യത്തെ ഒരു ധനകാര്യ സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല