സ്വന്തം ലേഖകൻ: ആസ്തികളും വസ്തുക്കളും ഈട് നൽകിയുള്ള ധനസഹായം സംബന്ധിച്ച വ്യവസ്ഥകളിൽ ഭേദഗതി. ഖത്തർ സെൻട്രൽ ബാങ്ക് ആണ് റിയൽ എസ്റ്റേറ്റ് ഫിനാൻസിങ് (മോർഗേജ്) വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയത്. മാക്സിമം ലോൺ-ടു വാല്യു (എൽടിവി), തിരിച്ചടവ് കാലാവധി എന്നിവ സംബന്ധിച്ച വ്യവസ്ഥകളിൽ ഉൾപ്പെടെയാണ് ഭേദഗതി.
രാജ്യത്തിനകത്ത് പ്രവർത്തിക്കുന്ന സ്വദേശി ബാങ്കുകൾക്കും അവയുടെ അനുബന്ധ ശാഖകൾക്കും പുതിയ ഭേദഗതി ബാധകമാണ്. വിദേശ രാജ്യങ്ങളിലെ ബ്രാഞ്ചുകൾ ആതിഥേയ രാജ്യത്തിന്റെ വ്യവസ്ഥകളാണ് പാലിക്കേണ്ടത്. ശമ്പളമുള്ള ഉപഭോക്താക്കൾക്ക് വസ്തു ഈടിന്മേൽ ധനസഹായം നൽകുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രവാസികളെ സംബന്ധിച്ച് കടബാധ്യതയുടെ അനുപാതം മൊത്തം ശമ്പളത്തിന്റെ 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്നതാണ് പുതിയ വ്യവസ്ഥ.
പുതിയ ഭേദഗതികൾ പ്രകാരം ആസ്തികളിന്മേൽ ധനസഹായം അനുവദിക്കുന്നതിനുള്ള പരിധി 3 വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഒന്നാമത്തെ വിഭാഗത്തിൽ നിർമാണം പൂർത്തിയായ അല്ലെങ്കിൽ നിർമാണത്തിലിരിക്കുന്ന റസിഡൻഷ്യൽ ആസ്തികളിന്മേൽ വ്യക്തികൾക്ക് നൽകുന്ന ധനസഹായമാണ്. വായ്പെടുക്കുന്ന വ്യക്തിയുടെ സ്വന്തം സ്രോതസുകൾ, ശമ്പളം അല്ലെങ്കിൽ മറ്റേതെങ്കിലും റിയൽ എസ്റ്റേറ്റ് ഇതര സ്രോതസുകൾ എന്നിവയുമായി തുക തിരിച്ചടക്കുന്നതിനെ ബന്ധിപ്പിച്ചിരിക്കണം.
പ്രവാസികളുടെ കാര്യത്തിൽ ഈടു നൽകുന്ന ആസ്തിയുടെ മൂല്യം 60 ലക്ഷം റിയാൽ വരെയാണെങ്കിൽ പരമാവധി എൽടിവി 75 ശതമാനവും തിരിച്ചടവ് കാലാവധി 25 വർഷവുമായിരിക്കും. ആസ്തിയുടെ മൂല്യം 60 ലക്ഷം റിയാലിന് മുകളിലാണെങ്കിൽ പരമാവധി എൽടിവി 70 ശതമാനവും കാലാവധി 25 വർഷവുമായിരിക്കും. നിക്ഷേപ, വാണിജ്യ ആവശ്യങ്ങൾക്കായി വ്യക്തികൾക്കും കമ്പനികൾക്കും പൂർത്തീകരിച്ച ആസ്തികളിന്മേൽ ധനസഹായം നൽകുന്നതാണ് രണ്ടാമത്തെ വിഭാഗം.
തിരിച്ചടവ് പ്രധാനമായും റിയൽ എസ്റ്റേറ്റിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ്. പ്രവാസികൾക്ക് (വ്യക്തികളും കമ്പനികളും) 100 കോടി റിയാൽ വരെ മൂല്യമുള്ള ആസ്തികളാണെങ്കിൽ എൽടിവി പരമാവധി 70 ശതമാനവും തിരിച്ചടവ് കാലാവധി 25 വർഷവുമായിരിക്കും. 100 കോടി റിയാലിന് മുകളിലെങ്കിൽ എൽടിവി 65 ശതമാനവും തിരിച്ചടവ് കാലാവധി 25 വർഷവുമായിരിക്കും.
ഖത്തറിലെ താമസക്കാർ അല്ലാത്തവരാണെങ്കിൽ ആസ്തിയുടെ മൂല്യം 100 കോടി റിയാൽ വരെ എൽടിവി പരമാവധി 60 ശതമാനവും തിരിച്ചടവ് കാലാവധി 20 വർഷവും ആയിരിക്കും. 100 കോടിക്ക് മുകളിലാണെങ്കിൽ എൽടിവിയിൽ മാറ്റമുണ്ടാകില്ലെങ്കിലും തിരിച്ചടവ് കാലാവധി 15 വർഷമായി കുറയും.
നിക്ഷേപ, വാണിജ്യ ലക്ഷ്യങ്ങൾക്കായി നിർമാണത്തിലിരിക്കുന്ന വസ്തുക്കൾ ഈടു നൽകുന്നതാണ് മൂന്നാമത്തെ വിഭാഗം. വസ്തുവകകളിൽ നിന്നുള്ള പൂർണമായോ ഭാഗികമായോ ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് തിരിച്ചടവ്. ഈ വിഭാഗത്തിൽ രാജ്യത്തെ പ്രവാസി താമസക്കാരും താമസക്കാർ അല്ലാത്തവരുമായവർക്ക് പരമാവധി എൽടിവി 50 ശതമാനവും തിരിച്ചടവ് കാലാവധി 15 വർഷവുമായിരിക്കും.
നിർമാണത്തിലിരിക്കുന്ന വസ്തുക്കളിന്മേലുള്ള ധനസഹായത്തിന്റെ കാര്യത്തിൽ അനുവദിക്കുന്ന ഗ്രേസ് പീരിഡ് 3 വർഷത്തിൽ കൂടാൻ പാടില്ലെന്ന് മാത്രമല്ല മൊത്തം അനുവദിച്ചിരിക്കുന്ന കാലാവധിക്കുള്ളിൽ ആയിരിക്കുകയും വേണം. ഗ്രേസ് പീരിഡിൽ എല്ലാ മാസത്തിലോ അല്ലെങ്കിൽ 3 മാസം കൂടുമ്പോഴോ പതിവ് പലിശ നിരക്ക് ഈടാക്കാം.
ഖത്തറിൽ വസ്തു വാങ്ങിയതിനെ തുടർന്ന് സ്ഥിര റസിഡൻസി പെർമിറ്റ് ലഭിച്ചവരാണെങ്കിൽ താമസക്കാർക്ക് അനുവദിച്ചിരിക്കുന്ന അതേ തിരിച്ചടവ് കാലാവധിയിലേക്ക് നീട്ടി ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല