സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം കുറഞ്ഞതോടെ സ്കൂളുകളിൽ ഇളവ് പ്രഖ്യാപിച്ച് ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. 12 വയസിന് താഴെയുള്ള പൊതു, സ്വകാര്യ സ്കൂളുകളിലെയും കിൻഡർഗാർട്ടനുകളിലെയും വിദ്യാർഥികൾക്ക് ഞായറാഴ്ച മുതൽ മാസ്ക് അണിയൽ നിർബന്ധമില്ലെന്ന് മന്ത്രാലയം അറിയിച്ചു. മാർച്ച് 20 ഞായറാഴ്ച മുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരും. എന്നാൽ, മാസ്ക് അണിയാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഇത് തുടരുന്നതിൽ തടസ്സമുണ്ടാവില്ല.
വാക്സിൻ സ്വീകരിക്കാത്ത വിദ്യാർഥികൾക്ക് ആഴ്ചയിലെ ആന്‍റിജൻപരിശോധന തുടരും. ഹോം കിറ്റ് ഉപയോഗിച്ചാണ് പരിശോധനകൾ. കോവിഡ് മുൻകരുതലുകളുടെ ഭാഗമായി നേരത്തെയുള്ള നിർദേശങ്ങൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ രാജ്യത്ത് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിലൂടെയും കോവിഡ് മുക്തമാകുന്നതിലൂടെയും ലഭിക്കുന്ന പ്രതിരോധശേഷിയുടെ കാലാവധി 9 മാസത്തില്‍ നിന്ന് 12 മാസമാക്കി. കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും കോവിഡ് വന്ന് സുഖപ്പെട്ടവര്‍ക്കും 12 മാസം വരെ പ്രതിരോധശേഷി ഉണ്ടാകുമെന്ന പുതിയ ശസ്ത്രക്രിയ, ക്ലിനിക്കല്‍ തെളിവുകളുടെ പശ്ചാത്തലത്തിലാണിത്. 9 മാസത്തില്‍ നിന്ന് ഇമ്യൂണിറ്റി കാലാവധി 12 മാസമാക്കിയാണ് നീട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല