സ്വന്തം ലേഖകൻ: കോവിഡ് കാലത്തെ ശീലമായി മാറി മാസ്ക്കിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മന്ത്രിസഭ. ശനിയാഴ്ച മുതൽ രാജ്യത്ത് അടച്ചിട്ട പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമായിരിക്കില്ല. ബുധനാഴ്ച പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.
ആശുപത്രികളും, പൊതുഗതാഗത യാത്ര സംവിധാനങ്ങളും ഒഴികെയുള്ള അടച്ചിട്ട പൊതുഇടങ്ങളിലെ മാസ്ക് ഉപയോഗത്തിനാണ് ഇളവ് നൽകിയത്. അതേസമയം, പ്രവേശനത്തിന് ഇഹ്തിറാസ് ആപ്ലിക്കേഷനിലെ ഗ്രീൻ സ്റ്റാറ്റസ് പരിശോധന തുടരുമെന്നും അറിയിച്ചു. പ്രതിവാര മന്ത്രിസഭ യോഗത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് വിശദീകരണങ്ങൾ ശ്രവിച്ചതിനു ശേഷമാണ് ഇതുസംബന്ധിച്ച് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.
അടച്ചിട്ട പൊതുഇടങ്ങളിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങൾ ഒഴിവാക്കി. എന്നാൽ, ഇഹ്തിറാസ് ആപ്ലിക്കേഷൻ പരിശോധന തുടരും. സമ്മേളനങ്ങളും, പ്രദർശനങ്ങളും, മറ്റ് പരിപാടികളും നടത്തുന്നതിന് മന്ത്രാലയത്തിന്റെ നിർദേശിച്ച മാനദണ്ഡങ്ങൾ തുടരും. സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമില്ല. പൊതു സ്ഥലങ്ങളിൽ ജോലിചെയ്യുന്ന സ്വകാര്യ, സർക്കാർ മേഖലയിലെ ജീവനക്കാർക്ക് മാസ്ക് നിർബന്ധമില്ല. എന്നാൽ, ഇൻഡോർ സ്ഥലങ്ങളിൽ ഉപഭോക്താക്കളുമായി ഇടപെടുന്ന ജീവനക്കാർ മാസ്ക് അണിയണം.
ആശുപത്രികളിൽ ജീവനക്കാർക്കും സന്ദർശകർക്കും ഇപ്പോഴും മാസ്ക് നിർബന്ധമാണ്. ദോഹ മെട്രോ, കർവ ബസ് ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങളിൽ, ഇൻഡോർ ഏരിയകളിൽ ജോലിചെയ്യുന്ന കാഷ്യർ, റിസപ്ഷനിസ്റ്റ്, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ കസ്റ്റമർ സർവിസ് തൊഴിലാളികൾക്കും മാസ്ക് നിബന്ധന തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല