സ്വന്തം ലേഖകൻ: സമ്പൂർണ കോവിഡ് വാക്സിനേഷൻ ലക്ഷ്യമാക്കി ഖത്തർ. നിലവിൽ രാജ്യത്തെ ആകെ ജനസംഖ്യയുടെ 78.3 ശതമാനം പേർ രണ്ട് ഡോസ് പ്രതിരോധമരുന്നും കുത്തിവെപ്പ് എടുത്തുകഴിഞ്ഞു. 22.18 ലക്ഷം ജനങ്ങൾ. ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തവരുടെ എണ്ണം 83.3 ശതമാനായി. 23.60 ലക്ഷം ജനങ്ങൾ. വാക്സിനേഷന് അർഹരല്ലാത്ത 12 വയസ്സിന് താഴെ പ്രായക്കാർ ഉൾപ്പെടെയുള്ള ആകെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ശതമാനക്കണക്ക്.
അതേസമയം, വാക്സിനേഷന് യോഗ്യരായ വിഭാഗത്തിൽ 95 ശതമാനത്തിന് മുകളിൽ ആളുകൾ വാക്സിൻ ഒരു ഡോസ് എങ്കിലും സ്വീകരിച്ചുകഴിഞ്ഞു. ലോകത്തെതന്നെ ഏറ്റവും വിശാലമായ വാക്സിനേഷൻ സെൻറർ ഒരുക്കിയും രാജ്യത്തെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയുമാണ് ഖത്തറിൻെറ കോവിഡ് പ്രതിരോധ പ്രവർത്തനം സജീവമാക്കുന്നത്.
കോവിഡിനെതിരെ ബൂസ്റ്റർ ഡോസ് പ്രതിരോധ മരുന്ന് കുത്തിവെക്കാൻ ആരോഗ്യ മന്ത്രാലയം അനുവാദം നൽകിയതോടെ, ഇഹ്തിറാസ് ആപ്ലിക്കേഷൻ ‘മൂന്നാം ഡോസ്’ സ്റ്റാറ്റസ് ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്തു. ഒന്നും രണ്ടും ഡോസ് വക്സിൻ സ്വീകരിച്ച്, പ്രതിരോധശേഷി ഉറപ്പിച്ചവർ എന്ന് തെളിയിക്കുന്ന ഇഹ്തിറാസിലെ വാക്സിനേഷൻ പേജിലാണ് മൂന്നാം ഡോസിനുള്ള ഓപ്ഷൻ തെളിഞ്ഞത്. നിലവിൽ വാക്സിനേറ്റഡ് സ്റ്റാമ്പിനൊപ്പം ആദ്യ രണ്ട് ഡോസും സ്വീകരിച്ച തീയതിയും കുത്തിവെച്ച മരുന്നിൻെറ വിശദാംശങ്ങളും ലഭ്യമാണ്.
ആപ്ലിക്കേഷനിൽ നിലവിലെ സംവിധാന പ്രകാരം രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസത്തിനുശേഷം സ്വർണ നിറത്തിലെ കളങ്ങളോടെയാണ് വാക്സിനേറ്റഡ് ആയി എന്ന് തെളിയിക്കുന്നത്. എട്ട് മുതൽ, 12 മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിൽ ഇഹ്തിറാസിലെ ഗോൾഡൻ സ്റ്റാറ്റസ് നഷ്ടമാവും. എന്നാൽ, നിലവിൽ ഹൈറിസ്ക് വിഭാഗങ്ങൾക്കാണ് വാക്സിൻ നൽകിത്തുടങ്ങുന്നത്. ഇവർ മൂന്നാം ഡോസ് സ്വീകരിച്ച് ഗോൾഡൻ സ്റ്റാറ്റസ് നിലനിർത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല