![](https://www.nrimalayalee.com/wp-content/uploads/2021/04/Covid-Shopping-Guidelines-Qatar.jpg)
സ്വന്തം ലേഖകൻ: ഖത്തറിലെ കര്‍ശനമായ കോവിഡ് നിയന്ത്രണ നടപടികളും പൊതുജന ബോധവത്കരണവും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ വരുതിയിലാക്കാന്‍ സഹായിച്ചതായി അധികൃതര്‍. ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ കോവിഡ് വ്യാപനത്തിന്റെ സാധ്യത പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളിലാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) അണുബാധ നിയന്ത്രണ വകുപ്പ് കൈക്കൊണ്ടത്.
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുറമെ ബോധവത്കരണവും ശക്തമാക്കിയതായി എച്ച്എംസി അണുബാധ നിയന്ത്രണ വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജാമില അല്‍ അജ്മി വ്യക്തമാക്കി. കോവിഡ് സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് ജീവനക്കാര്‍ക്ക് മികച്ച പരിശീലനവും നേരത്തെ നല്‍കിയിട്ടുണ്ടെന്ന് ഡോ. ജാമില പറഞ്ഞു.
കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയതോടൊപ്പം ജീവനക്കാര്‍ക്ക് പരിശീലനം, കോവിഡിന്റെ എല്ലാ ഘട്ടങ്ങളിലും പൊതുജന ബോധവത്കരണം, മാസ്ക്, കയ്യുറകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍ തുടങ്ങി കോവിഡ് സുരക്ഷാ ഉത്പന്നങ്ങളുടെ വിലയിരുത്തല്‍ എന്നിവയെല്ലാം വകുപ്പ് കൃത്യമായി നടപ്പാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.
കോവിഡ് രോഗികളെ ഭയമില്ലാതെ പരിചരിക്കാനായി ജീവനക്കാര്‍ക്ക് സുരക്ഷിത തൊഴില്‍ സാഹചര്യം ഉറപ്പാക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്ന് ഡോ. ജാമില പറഞ്ഞു. കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ ഉടന്‍ തന്നെ എടുക്കണമെന്നും എല്ലാ വിഭാഗം ജനതയും ഫേസ് മാസ്ക് ധരിക്കണമെന്നും കൈകള്‍ വൃത്തിയായി സൂക്ഷിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, കൂട്ടം ചേരല്‍ ഒഴിവാക്കല്‍ തുടങ്ങിയവ പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ ശ്രദ്ധിക്കാവൂവെന്നും ഡോ. ജാമില നിര്‍ദേശം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല