![](https://www.nrimalayalee.com/wp-content/uploads/2022/03/Qatar-Children-Below-12-Mask-Mandate.jpg)
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഖത്തര്‍. രാജ്യത്ത് രോഗവ്യാപനം കുറഞ്ഞതിന് പിന്നാലെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ബുധനാഴ്ച അമിരി ദിവാനില്‍ ചേര്‍ന്ന യോഗത്തിനിടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ എച്ച്ഇ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍- താനിയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് മഹാമാരിയുടെ ഫലമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ക്രമേണ എടുത്തുകളയാനുള്ള പദ്ധതിയെ കുറിച്ചുള്ള ക്രൈസിസ് മാനേജ്മെന്റ് സുപ്രിം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അവലോകനം ചെയ്ത ശേഷമാണ് ഈ അറിയിപ്പ്. മാളുകള്‍ക്കുള്ളില്‍ മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ഇളവുകള്‍ നല്കാന് തീരുമാനമായത്. എന്നാല്‍, കടകള്‍ക്കുള്ളില്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം.
ഏപ്രില്‍ 2, ശനിയാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിബന്ധനകള്‍ തുടരും. അടഞ്ഞ പൊതുയിടങ്ങളിലേക്കുള്ള പ്രവേശനം ഇനിപ്പറയുന്ന വിഭാഗങ്ങള്‍ക്കാണ്.
കോവിഡ് വാക്സിന് ഡോസ് എടുത്ത എല്ലാ പൗരന്മാര്, താമസക്കാര്‍, സന്ദര്‍ശകര്‍, കോവിഡ് രോഗമുക്തി നേടിയവര്‍, ഗുരുതര രോഗമുള്ള കോവിഡ് വാക്സിന് സ്വീകരിക്കാത്തവര്‍.
കോവിഡ് വാക്സിന് എടുക്കാത്തവരും വാക്സിനേഷന് പൂര്‍ത്തിയാക്കാത്തവരുമായ എല്ലാ പൗരന്മാര്, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്കിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് വിധേയമായി പ്രവേശിക്കാം. 20% ത്തിലധികം ആളുകള്‍ക്ക് പ്രവേശനമില്ല. ഫിസിക്കല്‍ ട്രെയിനിംഗ് ക്ലബ്ബുകള്‍ (ജിമ്മുകള്‍), കായിക പരിപാടികള്‍, കോണ്‍ഫറന്‍സുകള്‍, എക്സിബിഷനുകള്‍, പരിപാടികള്‍ എന്നിവിടങ്ങളിലാണ് ഈ നിര്‍ദേശം ബാധകം. ഈ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് 24 മണിക്കൂര്‍ മുമ്പെങ്കിലും റാപ്പിഡ് ടെസ്റ്റ് എടുത്തിരിക്കണം.
ഏതെങ്കിലും കോണ്‍ഫറന്‍സ്, എക്സിബിഷന് അല്ലെങ്കില്‍ ഇവന്റ് നടത്തുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ആവശ്യകതകള്‍ പാലിക്കണം. മാളുകള്‍ ഒഴികെ അടച്ചിട്ട പൊതുയിടങ്ങളില്‍ മാസ്ക് അണിയല് നിര്‍ബന്ധമായി തുടരും. മാളുകളില്‍ ഇളവുണ്ടെങ്കിലും കടകളില്‍ മാസ്ക് നിര്‍ബന്ധമാണ്. തുറന്ന പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല