1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2021

സ്വന്തം ലേഖകൻ: ഖത്തറില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഇന്ന് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം തടയുന്നതിനായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തിലാക്കാന്‍ നടപടികളുമായി ഖത്തര്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും മുന്‍കൂര്‍ രജിസ്ട്രേഷന്‍ ചെയ്യാതെ തന്നെ ഹെല്‍ത്ത് സെന്ററുകളില്‍ ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഫൈസര്‍, മൊഡേണ വാക്സിനുകളായിരിക്കും ബൂസ്റ്റര്‍ ഡോസായി ലഭ്യമാക്കുക. രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഈ സൗകര്യം ലഭിക്കും. 12 വയസ്സിനും അതിന് മുകളിലുമുള്ള വിദ്യാര്‍ഥികള്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. ബൂസ്റ്റര്‍ ഡോസ് ലഭിക്കാന്‍ യോഗ്യതയുള്ള വിദ്യാര്‍ഥികളും ജീവനക്കാരും രണ്ടാം ഡോസ് എടുത്ത് ആറു മാസം പിന്നിട്ടാലുടന്‍ ഹെല്‍ത്ത് സെന്ററുകളില്‍ നേരിട്ടെത്തി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും മന്ത്രാലയം സ്‌കൂളുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോണ്‍ പ്രതിരോധം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. രാജ്യത്ത് സുരക്ഷിതമായ പഠന സാഹചര്യം ഒരുക്കാന്‍ ബൂസ്റ്റര്‍ ഡോസ് അത്യന്താപേക്ഷിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി 12 വയസ്സിന് മുകളിലുള്ള മുഴുവന്‍ വിദ്യാര്‍ഥികളും വാക്‌സിനെടുത്തെന്ന് ഉറപ്പാക്കാന്‍ മുന്നോട്ട് വരണമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കളോട് ആഹ്വാനം ചെയ്തു. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് എല്ലാ ആഴ്ചയും കോവിഡ് പരിശോധന നടത്തി രോഗബാധയില്ലെന്ന് ഉറപ്പാക്കണം. അര്‍ഹരായ എല്ലാ അധ്യാപകരും ജീവനക്കാരും ബൂസ്റ്റര്‍ ഡോസ് എടുത്ത് എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തണം. സ്‌കൂളും പരിസരവും ആരോഗ്യകരവും സുരക്ഷിതവുമാക്കുന്നതിന് എല്ലാവരും മാസ്‌ക് ധാരണം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അവധി കഴിഞ്ഞ് രാജ്യത്ത് തിരികെ എത്തുന്ന വിദ്യാര്‍ഥികളും അധ്യാപകരും ആവശ്യമായ ക്വാറന്റൈന്‍ സമയം കൂടി മുന്‍കൂട്ടി കണ്ടു വേണം യാത്ര പ്ലാന്‍ ചെയ്യാനെന്നും അധികൃതര്‍ അറിയിച്ചു.

ഖത്തറില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യാഴാഴ്ച 542 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 500 കടക്കുന്നത് ഈ വര്‍ഷം ഇത് ആദ്യമായാണ്. ഇതില്‍ 380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 162 പേര്‍ യാത്രക്കാരാണ്. വ്യാഴാഴ്ച കോവിഡ് മൂലം ഒരാള്‍ മരണപ്പെടുകയുമുണ്ടായി. 67 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ ആകെ മരണം 617 ആയി. രാജ്യത്ത് നിലവില്‍ 3,822 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 238 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്. 22 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 2,64,234 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ ബൂസ്റ്റര്‍ ഡോസ് നല്‍കിയത്. വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 51,93,431 വാക്സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാലും കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലും ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഇന്ന് വെള്ളിയാഴ്ച്ച മുതല്‍ നിലവില്‍ വരും. ഇതുപ്രകാരം തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാകും. തുറസ്സായ സ്ഥലത്ത് കായിക വിനോദങ്ങളിലും പരിശീലനങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്കു മാത്രമാണ് മാസ്‌ക്ക് ധാരണത്തിന്റെ കാര്യത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സുകള്‍, എക്സിബിഷനുകള്‍, ഇവന്റുകള്‍ എന്നിവയില്‍ സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്നതിന്റെ പരമാവധി 75 ശതമാനം പേര്‍ മാത്രമേ പാടുള്ളൂ. അടച്ചിട്ട സ്ഥലങ്ങളില്‍ ശേഷിയുടെ പരമാവധി 50 ശതമാനം പേര്‍ മാത്രമേ പങ്കെടുക്കാവൂ. എന്നു മാത്രമല്ല, ഇവിടെ എത്തുന്നവരില്‍ 90 ശതമാനം പേരും വാക്സിനെടുത്തവര്‍ ആയിരിക്കണം. ഭാഗികമായി മാത്രം വാക്‌സിന്‍ എടുത്തവരും തീരെ വാക്സിനെടുക്കാത്തവരും ആരോഗ്യ മന്ത്രാലയം അംഗീകരിച്ച് പിസിആര്‍ അല്ലെങ്കില്‍ ആന്റിജന്‍ കോവിഡ് പരിശോധന നടത്തണം.

സമ്മേളനങ്ങള്‍, പ്രദര്‍ശങ്ങള്‍, ഇവന്റുകള്‍ തുടങ്ങി എന്ന് പരിപാടികള്‍ സംഘടിപ്പിക്കാനും ആരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി തേടിയിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. പരിപാടികളിലെല്ലാം ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച രീതിയിലുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിച്ചിരിക്കണം. പരിപാടികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നെന്ന് ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെ ബന്ധപ്പെട്ട ഏജന്‍സികള്‍ ഉറപ്പുവരുത്തണം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനം എടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.