സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭ പ്രഖ്യാപിച്ച കർശന കോവിഡ് നിയന്ത്രണങ്ങൾ ഇന്നു മുതൽ വീണ്ടും പ്രാബല്യത്തിലായി. പൊതുസ്ഥലങ്ങളിൽ ഒത്തുകൂടാൻ അനുമതി കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ പരമാവധി അഞ്ചു പേർക്ക് മാത്രം. കൂടാതെ വെള്ളി, ശനി ദിവസങ്ങളിൽ ദോഹ മെട്രോയും കർവ ബസുകളും സർവീസ് നടത്തില്ല.
വീടുകളിലും മജ്‌ലിസുകളും ഇൻഡോർ വേദികളിലും ഒത്തുകൂടാൻ പാടില്ല. ഞായർ മുതൽ വ്യാഴം വരെ 20 ശതമാനം ശേഷിയിൽ മാത്രമാണ് ഇന്നു മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് ദോഹ മെട്രോ, കർവ ബസ് സർവീസുകൾ നടത്തുകയുള്ളു. ദോഹ മെട്രോയുടെ മെട്രോ ലിങ്ക്, മെട്രോ എക്‌സ്പ്രസ് സർവീസുകളും വാരാന്ത്യങ്ങളിൽ ഉണ്ടാകില്ല. പരമ്പരാഗത സൂഖുകളും വെള്ളി, ശനി ദിവസങ്ങളിൽ പ്രവർത്തിക്കില്ല.
ബ്യൂട്ടി, ഹെയർ സലൂണുകൾ, സിനിമ തീയറ്ററുകൾ, നഴ്‌സറികൾ, പബ്ലിക് മ്യൂസിയങ്ങൾ, ലൈബ്രറികൾ എന്നിവയും ഇന്നു മുതൽ പ്രവർത്തിക്കില്ല. ഡ്രൈവിങ് സ്‌കൂളുകൾ, ഹെൽത്ത് ക്ലബ്ബുകൾ, മസാജ് സേവന കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയെല്ലാം മാർച്ച് 25 മുതൽ അടച്ചിട്ടിരിക്കുന്നത് തുടരും.
വീടിന് പുറത്തിറങ്ങുന്നവർ മാസ്‌ക് ധരിക്കണം. പൊതുസ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കണം. വാഹനങ്ങളിൽ ഒരേ കുടുംബത്തിലെ അംഗങ്ങൾ ഒഴികെ ഡ്രൈവർ ഉൾപ്പെടെ നാലു പേരിൽ കൂടാൻ പാടില്ല. മൊബൈൽ ഫോണിൽ ഇഹ്‌തെറാസ് പ്രൊഫൈൽ നിറം പച്ചയെങ്കിൽ മാത്രമേ എല്ലായിടങ്ങളിലും പ്രവേശനമുള്ളു.
വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് അധികം താമസിയാതെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ കോവിഡ് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാൻ ഡോ.അബ്ദുല്ലത്തീഫ് അൽഖാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാക്‌സീൻ എടുത്തവരുൾപ്പെടെ രാജ്യത്തെ മുഴുവൻ ജനങ്ങളും കോവിഡ് മുൻകരുതൽ പാലിക്കുന്നതിൽ അടുത്ത രണ്ടു മുതൽ നാല് ആഴ്ചകളിൽ കൂടുതൽ ഉത്തരവാദിത്തബോധത്തോടെയും ജാഗ്രതയോടെയും പെരുമാറിയാൽ നിലവിലെ കോവിഡ് വ്യാപനവും മരണങ്ങളും കുറയ്ക്കാൻ കഴിയുമെന്നും ഡോ.അൽഖാൽ ചൂണ്ടിക്കാട്ടി.
വ്യാപനം കുറഞ്ഞാൽ മാത്രമേ നിയന്ത്രണങ്ങളിൽ ഇളവു നൽകുകയുള്ളു. കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും കർശനമാക്കിയിട്ടും കോവിഡ് സംഖ്യ വർധിച്ചാൽ കൂടുതൽ കനത്ത നിയന്ത്രണങ്ങളിലേക്ക് പ്രവേശിക്കുമെന്നുള്ള മുന്നറിയിപ്പും ഡോ.അൽഖാൽ നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല