സ്വന്തം ലേഖകൻ: നവംബര്‍ 1 മുതല്‍ ഖത്തറിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്ക് കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുന്ന ഖത്തര്‍ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും ദോഹയിലെത്തിയ ശേഷമുള്ള കോവിഡ് പരിശോധനയും വേണ്ടെന്നു പൊതുജനാരോഗ്യ മന്ത്രാലയം.
ഖത്തറിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ യാത്രയ്ക്ക് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 24 മണിക്കൂര്‍ കാലാവധിയുള്ള റാപ്പിഡ് ആന്റിജന്‍ നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതും പ്രവാസി താമസക്കാരും പൗരന്മാരും വിദേശ യാത്ര കഴിഞ്ഞു ദോഹയില്‍ മടങ്ങിയെത്തി 24 മണിക്കൂറിനുള്ളില്‍ കോവിഡ് പിസിആര്‍ അല്ലെങ്കില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തണമെന്നുമുള്ള വ്യവസ്ഥകളുമാണു നവംബര്‍ 1 മുതല്‍ ഒഴിവാക്കിയത്.
അതേസമയം കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ രാജ്യത്തെ ജനങ്ങളും സന്ദര്‍ശകരും മടികാട്ടരുതെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. ഫിഫ ലോകകപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണു കോവിഡ് പരിശോധനാ നയങ്ങളില്‍ മാറ്റം. നവംബര്‍ 1 മുതല്‍ ഖത്തറിന്റെ കോവിഡ് അപകട നിര്‍ണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസ് ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവേശനത്തിനു മാത്രമാക്കിയിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല