![](https://www.nrimalayalee.com/wp-content/uploads/2021/06/Vaccine-Certificate-Expats-Passport-Number.jpg)
സ്വന്തം ലേഖകൻ: ഖത്തര്‍ വിദേശയാത്രക്കാര്‍ക്ക് ഉള്‍പ്പെടെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും വാക്‌സിന്‍ എടുത്തവരെ പിസിആര്‍ നിബന്ധനകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്ത സാഹചര്യത്തില്‍ വാക്‌സിനേഷന്‍ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഇതുപ്രകാരം ഖത്തറില്‍ കൊവിഡ് വാക്സിന്റെ പരമാവധി കാലാവധി ഒന്‍പത് മാസം മാത്രമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ടാം ഡോസ് എടുത്ത് ഈ കാലാവധി കഴിഞ്ഞവര്‍ ബൂസ്റ്റര്‍ എടുത്തില്ലെങ്കില്‍ അവരെ വാക്‌സിന്‍ എടുത്തവരായി പരിഗണിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
വാക്‌സിന്റെ സ്വഭാവത്തിന് അനുസരിച്ചാണ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഖത്തര്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പൂര്‍ണമായും അംഗീകരിച്ച ഫൈസര്‍, മൊഡേണ, ആസ്ട്ര സെനെക്ക് (കോവിഷീല്‍ഡ്) എന്നീ വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ടാം ഡോസ് എടുത്ത് പതിനാലാം ദിവസം മുതല്‍ ഒന്‍പത് മാസത്തേക്കായിരിക്കും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. അതിനുശേഷം ഈ സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും വാക്‌സിന്‍ എടുക്കാത്തവരായി മാത്രമേ പരിഗണിക്കൂ.
അതേസമയം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്റെ ഒരു ഡോസ് എടുത്ത് പതിനാലാം ദിവസം മുതല്‍ ഒന്‍പത് മാസത്തേക്കും രണ്ടാം ഡോസായി ഈ വാക്‌സിന്‍ എടുത്തതിന് ശേഷമുള്ള ഏഴാമത്തെ ദിവസം മുതല്‍ ഒന്‍പത് മാസത്തേക്കും ഇതിന്റെ സര്‍ട്ടിഫിക്കറ്റിന് സാധുത ഉണ്ടായിരിക്കും.
അതേസമയം, ഇന്ത്യയില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ട മറ്റൊരു വാക്‌സിനായ കൊവാക്‌സിന്‍ അടക്കം ഖത്തറില്‍ നിബന്ധനകള്‍ക്കു വിധേയമായി മാത്രം അംഗീകരിക്കപ്പെട്ട വാക്‌സിനുകള്‍ എടുത്തവരുടെ സര്‍ട്ടിഫിക്കറ്റിന് ആറു മാസത്തെ കാലാവധി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവാക്‌സിന് പുറമെ, സിനോവാക്, സ്പുട്‌നിക് വി, സിനോഫാം എന്നീ വാക്‌സിന്‍ എടുത്തവര്‍ക്കും ഇതു ബാധകമാണ്. ഇവര്‍ രണ്ടാം ഡോസ് എടുത്ത് പതിനാലാം ദിവസം മുതല്‍ ആറു മാസത്തേക്ക് മാത്രമായിരിക്കും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല