സ്വന്തം ലേഖകൻ: തൊഴിലാളികൾക്ക് കരാറിലെ വ്യവസ്ഥകൾ ഓൺലൈൻ പ്ലാറ്റ്ഫോം വഴി പരിശോധിക്കാനും സ്വീകരിക്കാനും സാധിക്കുന്ന തരത്തിൽ പുതിയ മാറ്റങ്ങളോടെയാണ് മന്ത്രാലയത്തിന്റെ ഇ-കരാർ സംവിധാനം വന്നിരിക്കുന്നത്. സ്വകാര്യ മേഖലകളിലെ തൊഴിലാളികൾക്കാണ് ഇതിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ സേവനങ്ങൾ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഇപ്പോൾ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.
സർക്കാർ സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്താതെതന്നെ കരാറുകളിലെ തെറ്റുകൾ ശരിയാക്കാനുള്ള സൗകര്യം ഉൾപ്പെടുത്തിയിണ്ട്. രാജ്യത്തെ തൊഴിൽ മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ കൂടുതൽ മികച്ച രീതിയിലാക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. കോൺട്രാക്ട് ആധികാരികമാക്കുന്ന പ്രക്രിയ പൂർത്തിയാകുന്നത് കൂടി എത്തിയാൽ ഓട്ടോമാറ്റിക് കരാർ ഓഡിറ്റ് ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
നാഷനൽ ഓതന്റിക്കേഷൻ സംവിധാനം ഉപയോഗിച്ച് തൊഴിലുടമകളുടെ പോർട്ടലിലൂടെ ഒരു സ്ഥാപനത്തിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. 11 വ്യത്യസ്ത ഭാഷകളിൽ കരാർ ലഭിക്കുന്ന തരത്തിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. തൊഴിലാളിയുടെ വിവരങ്ങൾ അടങ്ങുന്ന കരാർ ആദ്യമായി അംഗീകരിക്കുമ്പോൾ വീസ നമ്പറിൽ ആയിരിക്കണം. പ്രവാസിയാണെങ്കിൽ തൊഴിലാളിയുടെ ഐ.ഡി നമ്പറിലോ ആയിരിക്കണം തുടങ്ങേണ്ടത്.
കരാറിലെ രജിസ്റ്റർ ചെയ്ത വിവരങ്ങളുടെയും ഒപ്പുകളുടെയും സാധുതയുടെ പൂർണ്ണ ഉത്തരവാദിത്തം സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായിരിക്കും. കരാർ പകർപ്പിന്റെ ഒരു ഭാഷ അറബിയിലും രണ്ടാമത്തേത് തൊഴിലാളിയുടെ ഭാഷയുമായിരിക്കും. രണ്ട് കക്ഷികളും കരാറിൽ ഒപ്പുവെച്ചിരിക്കണം. പിന്നീട് ഇത് അപ് ലോഡ് ചെയ്യണം. സ്ഥാപനപ്രതിനിധിയോ അല്ലെങ്കിൽ വ്യക്തിയോ ഓൺലൈനായി പണം അടക്കണം. പണമിടപാട് പൂർത്തിയാക്കിയാൽ കരാറിന്റെ ഡിജിറ്റൽ പതിപ്പുകൾ തൊഴിലാളിക്കും ഉടമക്കും ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല