1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2023

സ്വന്തം ലേഖകൻ: വരുന്ന ഒക്ടോബര്‍ രണ്ടു മുതല്‍ 2024 മാര്‍ച്ച് 28 വരെ നടക്കാനിരിക്കുന്ന ദോഹ എക്‌സ്‌പോ-2023ന്റെ വോളണ്ടിയര്‍ പ്രോഗ്രാമിനായി അപേക്ഷ സ്വീകരിച്ചുതുടങ്ങി. നാലു ദിവസം കൊണ്ട് 40,000ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഫിഫ ലോകകപ്പിന് ശേഷം ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ വലിയ അന്താരാഷ്ട ഇവന്റിനായി 2,200 വോളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്.

ഓഗസ്റ്റ് മൂന്നിനാണ് വോളന്റിയര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. സന്നദ്ധസേവനം നടത്താന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്ക് എക്‌സ്‌പോ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ടെയ്ക് പാര്‍ട്ട് (പങ്കെടുക്കുക) ടാബിലേക്ക് പോയി ‘വോളണ്ടിയര്‍ പ്രോഗ്രാം’ വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്ത് അപേക്ഷ നല്‍കാം.

അപേക്ഷകര്‍ വരുന്ന സെപ്റ്റംബര്‍ ഒന്നിന് കുറഞ്ഞത് 18 വയസ്സ് പ്രായമുള്ളവരായിരിക്കണം. കൂടാതെ ആറ് മാസത്തേക്ക് പ്രതിമാസം ഏഴ് മുതല്‍ എട്ട് വരെ ദിവസങ്ങള്‍ സേവനം ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഖത്തറിലെ നിലവിലെ താമസക്കാരെയാണ് വോളന്റിയര്‍മാരായി ഉദ്ദേശിക്കുന്നതെങ്കിലും രാജ്യത്തിന് പുറത്തുള്ള വ്യക്തികള്‍ സ്വന്തം ചെലവില്‍ ഖത്തറിലെത്തി സേവനം ചെയ്യാന്‍ തയ്യാറാണെങ്കില്‍ അനുവദനീയമാണ്.

എന്നാല്‍, അന്താരാഷ്ട്ര വോളന്റിയര്‍മാര്‍ക്ക് വീസയോ യാത്രാക്രമീകരണങ്ങളോ താമസ സൗകര്യമോ എക്‌സ്‌പോ അധികൃതര്‍ നല്‍കുന്നില്ല. കഴിഞ്ഞ ലോകകപ്പില്‍ സന്നദ്ധസേവനം നടത്തിയ ഇന്ത്യയില്‍ നിന്നുള്ള നിരവധി പേര്‍ ഈ ഇവന്റിനും അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

രജിസ്‌ടേഷന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം യോഗ്യരായവരെ തിരഞ്ഞെടുക്കും. അപേക്ഷകള്‍ പരിശോധിച്ച ശേഷം അഭിമുഖത്തിനായി വിളിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധപ്രവര്‍ത്തകരെ പ്രത്യേക പരിശീലനം നല്‍കി ചുമതലകള്‍ നല്‍കുകയും ചെയ്യും. അക്രഡിറ്റേഷനും യൂണിഫോമുകളും നല്‍കും.

ആറ് മാസത്തെ ഹോര്‍ട്ടികള്‍ച്ചറല്‍ ഇവന്റ് ആണ് ദോഹ എക്‌സ്‌പോ. ഓരോ സന്നദ്ധപ്രവര്‍ത്തകരും ആഴ്ചയില്‍ ശരാശരി രണ്ട് ദിവസം ജോലിചെയ്യണം. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയുള്ള 45 ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടിവരും. അക്രഡിറ്റേഷന്‍, ചടങ്ങുകള്‍, ടിക്കറ്റിങ്, ഇവന്റുകള്‍, സാംസ്‌കാരിക പരിപാടികള്‍, ആരോഗ്യവും സുരക്ഷയും, ഭാഷാ സേവനങ്ങള്‍, മാധ്യമങ്ങളും പ്രക്ഷേപണവും, പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍, പ്രോട്ടോക്കോള്‍ സേവനങ്ങള്‍, സന്ദര്‍ശക സേവനങ്ങള്‍, മറ്റു ജോലികള്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളാണ് വോളന്റിയര്‍മാരുടെ റോളുകള്‍.

അല്‍ ബിദ്ദ പാര്‍ക്കിനുള്ളിലെ 1,700,000 ചതുരശ്ര മീറ്ററിലാണ് അര വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടി നടക്കുന്നത്. ‘പച്ച മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള എക്‌സ്‌പോ ഹോര്‍ട്ടികള്‍ച്ചറല്‍ വിസ്മയങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മെഗാ ഇവന്റായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.