സ്വന്തം ലേഖകൻ: ഗാർഹിക തൊഴിൽ കരാറിൽ ജോലി സമയവും വാരാന്ത്യ അവധിയും ഓവർടൈമും സിക് ലീവും ഉറപ്പാക്കി ഖത്തർ. ഗാർഹിക തൊഴിലാളികൾക്കുള്ള പുതിയ തൊഴിൽ കരാർ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശസംരക്ഷണം ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. തൊഴിലാളിയുടെയും തൊഴിലുടമയുടെയും ഉത്തരവാദിത്തങ്ങളും പുതിയ കരാറിൽ അടിവരയിട്ട് പറയുന്നു.
ഇരുകക്ഷികളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കത്തക്ക വിധത്തിൽ 2017 ലെ 15-ാം നമ്പർ ഗാർഹിക തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് പുതിയ കരാറെന്ന് തൊഴിൽ മന്ത്രാലയം ഇന്റർനാഷനൽ ലേബർ റിലേഷൻസ് വകുപ്പ് ഡയറക്ടർ ഷെയ്ഖ മുഹമ്മദ് അൽ ഖാദർ വ്യക്തമാക്കി. ഗാർഹിക തൊഴിൽ നിയമം, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ച് 10 ഭാഷകളിലായി വിഡിയോ സന്ദേശങ്ങൾ, ഗൈഡ്ബുക്കുകൾ, ലഘുലേഖങ്ങൾ എന്നിവയിലൂടെ സമഗ്ര ബോധവൽക്കരണം ആരംഭിച്ചു.
രാജ്യത്ത് മികച്ചതൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള ക്യാംപെയ്നും തുടക്കമായി. മാൻപവർ ഏജൻസികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ഏജൻസികൾക്കായി നിയമ വ്യവസ്ഥകൾ സംബന്ധിച്ച ശിൽപശാലകൾ നടത്തുകയും ചെയ്യുന്നു. ‘ഖത്തറിലെ തൊഴിൽ പരിഷ്‌കരണങ്ങളും വിദേശ ഗാർഹിക തൊഴിലാളികളും’ എന്ന വിഷയത്തിൽ യുഎസ്, കാനഡ എംബസികൾ ചേർന്നു സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുക്കുമ്പോൾ ഷെയ്ഖ മുഹമ്മദ് അൽ ഖാദർ അറിയിച്ചതാണ് ഇക്കാര്യം.
പുതിയ കരാർ വലിയ നേട്ടമാണെന്നും ഇരുകക്ഷികളുടെയും ഉത്തരവാദിത്തങ്ങളിൽ സുതാര്യത കൈവരിക്കാനിതു സഹായിക്കുമെന്നും വെബിനാറിൽ പങ്കെടുത്ത ദോഹയിലെ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ) ഓഫിസ് ടെക്‌നിക്കൽ വിദഗ്ധ അലിക്‌സ് നസ്രി അഭിപ്രായപ്പെട്ടു. തൊഴിൽ നിയമത്തിന്റെ കീഴിലുള്ള മറ്റ് മേഖലകളിലുള്ള തൊഴിലാളികൾക്കും ഗാർഹിക തൊഴിലാളികൾക്കും ഇടയിൽ സമത്വം ഉറപ്പാക്കുന്നതാണ് പുതിയ കരാർ.
മറ്റു മേഖലകളിലെ തൊഴിലാളികളുടേത് പോലെ തന്നെ പരമാവധി രണ്ടു മണിക്കൂർ ഓവർടൈമോടു കൂടി പ്രതിദിന തൊഴിൽ മണിക്കൂർ നിജപ്പെടുത്തിയതാണ് ഇതിൽ ഫ്രധാനം. മറ്റു തൊഴിലാളികൾക്ക് ലഭിക്കുന്ന അതേ രോഗാവധി ആനുകൂല്യങ്ങൾ തന്നെ ഗാർഹിക തൊഴിലാളികൾക്കും കിട്ടുമെന്നതാണു രണ്ടാമത്തേത്. തൊഴിലാളിക്കും തൊഴിലുടമയ്ക്കും ന്യായമായ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ കരാർ അവസാനിപ്പിക്കുകയും ചെയ്യാം.
പുതിയ കരാറിലെ വ്യവസ്ഥകൾ സ്വകാര്യ റിക്രൂട്മെന്റ് ഏജൻസികൾക്കും ഖത്തർ വീസ സെന്ററുകൾക്കും കൈമാറിയിട്ടുണ്ട്. മറ്റ് മേഖലകളിലെ പോലെ ഗാർഹിക തൊഴിൽ കരാറുകൾക്കും ഡിജിറ്റൽ ഓഥന്റിക്കേഷൻ സംവിധാനം ഉണ്ടാക്കുന്നതിനുള്ള നടപടികളിലാണെന്നും നസ്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല