![](https://www.nrimalayalee.com/wp-content/uploads/2020/07/Migrant-workers-in-Qatar-face-structural-racism-UN-report.jpg)
സ്വന്തം ലേഖകൻ: 2030നകം ഖത്തറിലേക്ക് എത്തുന്ന രാജ്യാന്തര സന്ദർശകരുടെ എണ്ണം പ്രതിവർഷം 60 ലക്ഷത്തിലധികമായി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ടൂറിസം വിഭാഗം. സന്ദർശകരുടെ എണ്ണം വർധിക്കുന്നതിലൂടെ ജിഡിപിയിലേക്ക് യാത്രാ, ടൂറിസം മേഖലയുടെ സംഭാവന 12 ശതമാനമാക്കി ഉയർത്താനും ഈ മേഖലകളിലെ തൊഴിലവസരങ്ങൾ ഇരട്ടിയാക്കുകയുമാണ് ലക്ഷ്യം.
ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ആരംഭിച്ച പ്രഥമ ഖത്തർ ട്രാവൽ മാർട്ടിനോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സിഇയുമായ അക്ബർ അൽ ബേക്കർ ഭാവി ലക്ഷ്യങ്ങൾ വിശദീകരിച്ചു.
ലോകത്തിലെ മുൻനിര ടൂറിസം കേന്ദ്രമാക്കി ഖത്തറിനെ മാറ്റാനുള്ള ശ്രമങ്ങളിലാണ് അധികൃതർ. മുൻനിര ടൂറിസം കേന്ദ്രമായി മാറാനുള്ള എല്ലാ ഘടകങ്ങളും നിലവിലുണ്ട്. രാജ്യത്തിന്റെ ഭാവിയുടെയും സമ്പദ് വ്യവസ്ഥയുടെയും നിർണായക ഘടകമാണ് ടൂറിസവും യാത്രയും.
കനത്ത വെല്ലുവിളികൾക്കിടയിലും സമീപ വർഷങ്ങളിലായി വലിയ പുരോഗതിയാണ് രാജ്യം കൈവരിച്ചത്. കലയുടെയും സുസ്ഥിരതയുടെയും സർഗാത്മകതയുടെയും റീജനൽ കേന്ദ്രമായി മിഷ്‌റെബ് ഡിസൈൻ ഡിസ്ട്രിക് മാറി.
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് രാജ്യാന്തര വിമാനത്താവളം മാറി. ഫിഫ ലോകകപ്പ് ഫുട്‌ബോൾ സ്‌റ്റേഡിയങ്ങളും ഉയർന്നു. 2022 ഫിഫ ലോകകപ്പിന് ഒരു വർഷം മാത്രം ശേഷിക്കവെ ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഖത്തറിന് മേലാണെന്നും അൽബേക്കർ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല