1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2021

സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കാര്യത്തില്‍ ഖത്തറില്‍ കഴിഞ്ഞ വര്‍ഷം വന്‍ കുതിച്ചുചാട്ടമുണ്ടായതായി പഠനം. 2019ല്‍ 150 കോടി ഡോളറിന്റെ വ്യാപാരമാണ് ഇ-കൊമേഴ്‌സ് മേഖലയില്‍ നടന്നിരുന്നതെങ്കില്‍ 2020ല്‍ അത് 220 കോടി ഡോളറായി ഉയര്‍ന്നു. 47 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്ന് ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ ചേബറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം വ്യക്തമാക്കി.

ഖത്തറിലെ ഇ-കൊമേഴ്‌സ്; യാഥാര്‍ഥ്യം, വെല്ലുവിളികള്‍, പരിഹാരങ്ങള്‍ എന്ന പേരില്‍ നടത്തിയ പഠനത്തില്‍ 2021ല്‍ ഇ മേഖലയില്‍ 230 കോടിയുടെ വ്യാപാരം നടക്കുമെന്നു പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. ഖത്തര്‍ നാഷനല്‍ വിഷന്‍ 2030ന്റെ ഭാഗമായി ഇ-കൊമേഴ്‌സ് രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തില്‍ രാജ്യം കൈവരിച്ച പുരോഗതിയാണ് ഈ നേട്ടത്തിന് ആധാരമെന്നും പഠനം വിലയിരുത്തി. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നതോടൊപ്പം ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുകൂലമായ രീതിയില്‍ നടത്തിയ നിയമനിര്‍മാണങ്ങളും സൈബര്‍ സുരക്ഷാ ക്രമീകരണങ്ങളും ഇതിന്റെ വളര്‍ച്ചയ്ക്ക് സഹായകമായി.

ആഗോളതലത്തില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിലുണ്ടായ പുരോഗതിക്ക് അനുസരിച്ചുള്ള വളര്‍ച്ച ഖത്തറിലുമുണ്ടായതായി പഠനം വിലയിരുത്തി. ഇന്റര്‍നെറ്റ് ലഭ്യതയുടെയും അതിന്റെ വേഗതയുടെയും കാര്യത്തില്‍ ആഗോളതലത്തില്‍ തന്നെ മുന്‍നിരയിലാണ് ഖത്തര്‍. ഫിക്‌സഡ് ഫൈബര്‍ ശൃംഖലയുടെ കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനം ഖത്തറിനാണ്. അതേപോലെ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനവും ഖത്തറിനുള്ളത്. 5ജി നെറ്റ് വര്‍ക്കിന്റെ കാര്യത്തിലും മുന്‍പന്തിയിലാണ് ഖത്തര്‍.

പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്ത് മുന്‍നിരയിലുള്ള രാജ്യമെന്ന നിലയ്ക്ക് ഇന്റര്‍നെറ്റ് ലഭ്യതയിലും വാങ്ങല്‍ ശേഷിയിലുമുള്ള മികവും ഇ-കൊമേഴ്‌സിന് അനുകൂല ഘടകങ്ങളാണ്. ഖത്തറിലെ 15നു മുകളില്‍ പ്രായമുള്ള ഏതാണ്ട് എല്ലാവര്‍ക്കും ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് കണക്ക്. അതോടൊപ്പം പോസ്റ്റല്‍ സേവനങ്ങളുടെ മികവും ഇ-ആപ്ലിക്കേഷനുകളുടെ ലഭ്യതയും ഇക്കാര്യത്തില്‍ ഖത്തറിന് അനുകൂല ഘടകങ്ങളാണ്.

152 രാജ്യങ്ങളില്‍ വച്ച് ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കാര്യത്തില്‍ 2018ല്‍ ഖത്തറിന്റെ റാങ്ക് 59 ആയിരുന്നുവെങ്കില്‍ 2019ല്‍ അത് 47 ആയി ഉയര്‍ന്നതായി യുഎന്നിന്റെ ഇ-കൊമേഴ്‌സ് സൂചിക വ്യക്തമാക്കിയിരുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ ഇ-കൊമേഴ്‌സിന്റെ വളര്‍ച്ചയ്ക്ക് കോവിഡ് മഹാമാരിയുടെ വരവ് വലിയ മുതല്‍ക്കൂട്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നേരിട്ട് കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നതിന് പകരം വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ അവ ഓര്‍ഡര്‍ ചെയ്യാമെന്ന സൗകര്യം ഈ കാലയളവില്‍ ജനങ്ങള്‍ വലിയ തോതില്‍ ഉപയോഗിച്ചു.

ഖത്തറിലെ ഇ-കൊമേഴ്‌സ് വ്യാപാരങ്ങളില്‍ 38 ശതമാനവും തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് നടന്നത്. ബാക്കി 62 ശതമാനം ആഗോള ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ സ്വന്തമാക്കി. അടുത്ത മൂന്ന് വര്‍ഷത്തിനിടയില്‍ ഖത്തറിലെ ഓണ്‍ലൈന്‍ വ്യാപാരം 150 ഇരട്ടിയായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഖത്തറില്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് രീതികള്‍ക്ക് ചെലവ് കൂടുതലാണ് എന്നതിനാല്‍ 75 ശതമാനം പേരും കാഷ് ഓണ്‍ ഡെലിവറിയായാണ് സാധനങ്ങള്‍ വാങ്ങുന്നത്. 19 ശതമാനം പേര്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയും ആറ് ശതമാനം പേര്‍ പേപാല്‍ വഴിയുമാണ് പണം അടക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.