![](https://www.nrimalayalee.com/wp-content/uploads/2021/05/ehteraz-app-qatar-Fake-Phone-Calls.jpeg)
സ്വന്തം ലേഖകൻ: ഖത്തറിന്റെ കോവിഡ് അപകട നിർണയ ആപ്പ് ആയ ഇഹ്‌തെറാസിൽ ഗോൾഡ് ഫ്രെയിം, ഗ്രീൻ ഹെൽത്ത് സ്റ്റാറ്റസുകൾ വിശദീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. നിലവിൽ കോവിഡ് ബാധിതർ അല്ലാത്തവരെയും ക്വാറന്റീനിൽ അല്ലാത്തവരെയും സൂചിപ്പിക്കുന്നതാണ് പച്ച നിറം. വാക്‌സീൻ രണ്ടു ഡോസും പൂർത്തിയാക്കിയ, രണ്ടാമത്തെ ഡോസെടുത്ത് 9 മാസത്തിൽ കൂടുതൽ ആകാത്തവർക്ക് മാത്രമാണ് ഇഹ്‌തെറാസിലെ ഹെൽത്ത് പ്രൊഫൈൽ സ്റ്റാറ്റസിന് ചുറ്റും ‘വാക്‌സിനേറ്റഡ്’ എന്നു സൂചിപ്പിക്കുന്ന ഗോൾഡ് ഫ്രെയിം ഉണ്ടാകുക.
രണ്ടാമത്തെ ഡോസെടുത്ത് 9 മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് എടുത്താൽ മാത്രമേ അടുത്ത 9 മാസത്തേക്ക് ഗോൾഡ് ഫ്രെയിം നിലനിർത്താൻ കഴിയൂ. ഷോപ്പിങ് മാളുകൾ, കമ്പനി ഓഫിസുകൾ, സർക്കാർ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ പ്രവേശനത്തിന് ഇഹ്‌തെറാസിലെ ഗോൾഡ് ഫ്രെയിം ആവശ്യമില്ല. ഹെൽത്ത് പ്രൊഫൈൽ നിറം പച്ചയായിരിക്കണമെന്ന് മാത്രം. വാക്‌സിനെടുക്കാത്തവർ ചില കേന്ദ്രങ്ങളിൽ പ്രവേശനത്തിന് കോവിഡ് റാപ്പിഡ് ആന്റിജൻ നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കേണ്ടി വരും.
കോവിഡ് വാക്‌സീൻ എടുക്കാത്തവർക്കും കോവിഡ് വന്നു സുഖപ്പെട്ടവർക്കും ഇഹ്‌തെറാസിൽ വാക്‌സിനേറ്റഡ് എന്നു സൂചിപ്പിക്കുന്ന ഗോൾഡ് ഫ്രെയിം ലഭിക്കില്ല. എന്നാൽ കഴിഞ്ഞ 9 മാസത്തിനിടെ കോവിഡ് വന്നു സുഖപ്പെട്ടവർക്ക് എല്ലായിടങ്ങളിലും കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കുള്ള അതേ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. കോവിഡ് വന്നു സുഖപ്പെട്ടവർ ഇഹ്‌തെറാസിലെ റിക്കവേഡ് സ്റ്റേറ്റസ് കാണിച്ചാൽ മതിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല