1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2023

സ്വന്തം ലേഖകൻ: വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപഭോഗം അളക്കാനുള്ള മീറ്ററുകളും ‘സ്മാർട്’ ആയി. ഇതുവരെ സ്ഥാപിച്ചത് 2,80,000 സ്മാർട് മീറ്ററുകൾ. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്‌റാമ) സ്ഥാപിച്ച മീറ്ററുകൾ ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി) അധിഷ്ഠിതമാണ്.

ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള കഹ്‌റാമയുടെ സുപ്രധാന പദ്ധതികളിലൊന്നാണ് സ്മാർട് മീറ്ററിങ് ഇൻഫ്രാസ്ട്രക്ചർ പദ്ധതി. 2023 അവസാനത്തോടെ 6 ലക്ഷം മീറ്ററുകൾ സ്ഥാപിക്കാനാണ് ലക്ഷ്യം. കഴിഞ്ഞ വർഷത്തിൽ നവംബർ അവസാനം വരെ 41,000 വൈദ്യുത മീറ്ററും 21,000 വാട്ടർ മീറ്ററുകളുമാണ് സ്ഥാപിച്ചത്. പുതിയവ മാത്രമല്ല പഴക്കമേറിയതും പരമ്പരാഗത ശൈലിയിലുള്ളതുമായ മീറ്ററുകൾ മാറ്റി സ്മാർട് മീറ്ററുകളാക്കിയിട്ടുമുണ്ട്.

ഊർജ ഉപഭോഗം കൂടുതൽ കൃത്യതയോടെയും കാര്യക്ഷമമായും അളക്കാനും വിവരങ്ങൾ സുരക്ഷിതമായും വേഗത്തിലും കൈമാറാനും ലക്ഷ്യമിട്ടാണ് പരമ്പരാഗത മീറ്ററുകളിൽ നിന്ന് സ്മാർട് മീറ്ററുകളിലേക്ക് മാറിയത്. സ്മാർട് മീറ്ററുകൾക്ക് ഗുണങ്ങൾ ഏറെയുണ്ട്. ഊർജ ഉപഭോഗം കൃത്യമായി അറിയാനും അതനുസരിച്ച് ഉപയോഗം കാര്യക്ഷമമാക്കാനും സമയബന്ധിതമായി ഉപഭോഗ വിവരങ്ങൾ മനസ്സിലാക്കാനും ഗാർഹിക, വ്യവസായ ഉപഭോക്താക്കൾക്ക് കഴിയും. വൈദ്യുത ഉപയോഗം കൃത്യമായി അറിയാൻ കഴിയുന്നതിനാൽ ദുരുപയോഗം കുറയ്ക്കുകയും ചെയ്യാം.

കൂടുതൽ ഉത്തരവാദിത്തത്തോടെ ഉപഭോക്താക്കൾക്ക് ഊർജ കാര്യക്ഷമത ഉറപ്പാക്കുകയും ചെയ്യാം. സ്മാർട് മീറ്ററുകളുടെ വരവോടെ കഹ്റാമയുടെ പ്രവർത്തന ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നു മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തിനും സഹായകമാകും. കഹ്റാമയുടെ സാങ്കേതിക ജീവനക്കാർക്ക് വീടുകളിലും കമ്പനികളിലും നേരിട്ടെത്തിയുള്ള റീഡിങ്ങും ഒഴിവാക്കാം.

കാലതാമസമില്ലാതെ കഹ്റാമ അക്കൗണ്ട് ആക്ടീവാക്കാനോ ഡീ ആക്ടിവേറ്റാക്കാനോ സാധ്യമാകും. കുടിശിക വരുത്തുന്ന ഉപഭോക്താക്കളുടെ വൈദ്യുത കണക്ഷനും റിമോട്ട് സംവിധാനത്തിലൂടെ ഓട്ടമാറ്റിക്കായി വിഛേദിക്കാനും പണം അടച്ചാൽ ഏകദേശം 5 മിനിറ്റിൽ കണക്ഷൻ സജീവമാക്കാനും കഴിയും.

ബിൽ അടയ്ക്കുന്നതിനും സ്മാർട് മീറ്റർ ഗുണകരമാണ്. മുൻകൂർ പണം അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. കഹ്റാമയുടെ നവീകരിച്ച മൊബൈൽ ആപ്പിലൂടെ ബിൽ തുക ട്രാക്ക് ചെയ്യാം. കാലതാമസമില്ലാതെ ബിൽ ലഭിക്കുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.