![](https://www.nrimalayalee.com/wp-content/uploads/2021/09/Qatar-Emir-Saudi-Visit-.jpg)
സ്വന്തം ലേഖകൻ: അറബ് ഉപരോധം അവസാനിച്ചതോടെ സൗദിയുമായുള്ള ബന്ധം ശക്തമാക്കിയതിനു പിന്നാലെ യുഎഇയുമായും കൂടുതല്‍ അടുക്കാന്‍ ഖത്തര്‍. ഇതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാനുമായും ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി കൂടിക്കാഴ്ച നടത്തി. സൗദി അറേബ്യയിലെ റെഡ് സീ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഇന്നലെയായിരുന്നു കൂടിക്കാഴ്ച.
ഒഴിവു സമയം ആഘോഷിക്കുന്ന വസ്ത്രത്തിലുള്ള മൂന്നു പേരുടെയും ചിത്രം സൗദി കിരീടാവകാശിയുടെ പ്രൈവറ്റ് ഓഫീസ് ഡയരക്ടര്‍ ബദര്‍ അല്‍ അസാകിര്‍ ട്വിറ്ററില്‍ പങ്കുവച്ചു. റെഡ് സീയില്‍ ഒരു സൗഹൃദ ഒത്തുചേരല്‍ എന്ന അടിക്കുറിപ്പോടെയായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് ഖത്തര്‍ സന്ദര്‍ശിച്ച യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വാണിജ്യ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.
സൗദിയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന ഖത്തറിനെതിരേ പ്രഖ്യാപിച്ച ഉപരോധം മൂന്നര വര്‍ഷത്തിനു ശേഷം 2021 ജനുവരിയില്‍ പിന്‍വലിച്ചെങ്കിലും യുഎഇയുമായുള്ള ബന്ധം പഴയ രീതിയിലേക്ക് തിരിച്ചുവന്നിരുന്നില്ല.
അതേസമയം, ഖത്തര്‍ അമീര്‍ ഒന്നിലേറെ തവണ സൗദി സന്ദര്‍ശിക്കുകയും സൗദി പ്രതിനിധി സംഘങ്ങള്‍ നിരവധി തവണ ഖത്തറിലെത്തുകയും ചെയ്തിരുന്നു. ഖത്തറുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു യുഎഇ സുരക്ഷാ ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള സംഘം ഖത്തറിലെത്തിയത്. അതിന്റെ തുടര്‍ച്ചയായാണ് മൂന്നു പേരുടെയും ഒത്തുചേരലിനെ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല