സ്വന്തം ലേഖകൻ: പിതാവ് അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി രാജ്യത്തിന്റെ നേതൃത്വം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് കൈമാറിയിട്ട് ഒരു പതിറ്റാണ്ട് തികയുന്നു. ഖത്തറിനെ സംബന്ധിച്ചിടത്തോളം അഭൂതപൂര്‍വമായ വളര്‍ച്ചയിലേക്കുള്ള ഖത്തറിന്റെ വലിയൊരു ചുവടുവയ്പ്പായിരുന്നു അതിലൂടെ സംഭവിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ പൊതു രീതികളില്‍ നിന്ന് വ്യത്യസ്തമായി ജീവിത കാലത്തു തന്നെ യുവാവായ തന്റെ മകന് അധികാരം കൈമാറി ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ പുതിയ ചരിത്രം രചിക്കുകയായിരുന്നു.
പിതാവില്‍ നിന്ന് അധികാരമേറ്റെടുത്ത് 2013 ജൂണ്‍ 26 ന് നടത്തിയ പ്രസംഗത്തില്‍, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും ആരോഗ്യ മേഖല, കായിക മേഖല തുടങ്ങിവ ഉള്‍പ്പെടെയുള്ളവയുടെ വികസനത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ശെയ്ഖ് തമീം വാഗ്ദാനം ചെയ്തിരുന്നു. അതിനു ശേഷം 10 വര്‍ഷം പിന്നിടുമ്പോള്‍ ഒരു കൊച്ചു രാജ്യമായ ഖത്തറും അതിന്റെ ഭരണാധികാരി ശെയ്ഖ് തമീമും ആഗോള തലത്തില്‍ അക്ഷരാര്‍ഥത്തില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ്.
2017ല്‍ ഖത്തറിനെതിരേ അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മുതല്‍ 2022 ഫിഫ ലോകകപ്പ് ആതിഥേയത്വം വരെയുള്ള വെല്ലുവിളികളെ വിജയകരമായി നേരിടുകയും ലോകത്തിന് മാതൃകയായി ഉയര്‍ന്നുനില്‍ക്കുകയും ചെയ്യാന്‍ ഖത്തറിന് സാധിച്ചത് ശെയ്ഖ് തമീമിന്റെ ധീരമായ നേതൃത്വത്തിലൂടെ ആയിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ കാലയളവിനുള്ളില്‍ സുപ്രധാനമായ പല നാഴികക്കല്ലുകള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഔദ്യോഗികമായി തുറന്നത് 2014-ല്‍ ആയിരുന്നു. അന്നുമുതല്‍, ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ ഒന്നായി റാങ്കിംഗില്‍ തുടര്‍ച്ചയായി ആധിപത്യം പുലര്‍ത്തുന്നത് ഈ എയര്‍പോര്‍ട്ടാണ്.
അധികാരത്തിൽ പ്രവേശിച്ച് 10 വർഷം പൂർത്തിയാക്കുമ്പോൾ ഖത്തറെന്ന ചെറു രാജ്യത്തെ വികസന മുന്നേറ്റത്തിലൂടെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ആശംസയറിയിച്ച് അറബ് ഭരണാധികാരികൾ. 2013 ജൂൺ 25നാണ് ഖത്തർ ഭരണാധികാരിയായി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സ്ഥാനമേറ്റത്. സ്ഥാനാരോഹണത്തിന്റെ 10-ാം വാർഷിക ദിനമായ ഇന്നലെ മേഖലയിലെ ഭരണാധികാരികളുടെയും നേതാക്കളുടെയും ആശംസകളും അഭിനന്ദനങ്ങളും അമീറിനെ തേടിയെത്തി.
സൗദി രാജാവ് സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്, കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സെയ്ദ് അൽ നഹ്യാൻ, ഒമാൻ സുൽത്താൻ ഹെയ്താം ബിൻ താരിക്, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരെല്ലാം അമീറിന് ആശംസ നേർന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല