![](https://www.nrimalayalee.com/wp-content/uploads/2021/09/Qatar-EV-Policy-E-Buses.jpg)
സ്വന്തം ലേഖകൻ: ഖത്തറിന്റെ ഇലക്ട്രിക് വാഹന (ഇവി) നയം നടപ്പാക്കുന്നതിനു തുടക്കമായി. ഇലക്ട്രിക് വാഹന ചാർജിങ് യൂണിറ്റുകൾ നിർമിക്കുന്നതിനുള്ള കരാറുകളിൽ ഉടൻ ഒപ്പുവയ്ക്കും. ഗതാഗത വാർത്താവിനിമയ മന്ത്രാലയം ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ചേർന്ന് തയാറാക്കിയ ഇവി നയം നടപ്പാക്കുന്നത് പൊതുമരാമത്ത് അതോറിറ്റിയും (അഷ്ഗാൽ) ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷനും (കഹ്‌റാമ) ചേർന്നാണ്.
പൊതുഗതാഗത കമ്പനിയായ മൗസലാത്ത് ഉൾപ്പെടെയുളള ദേശീയ കമ്പനികളും ഇതിൽ ഭാഗഭാക്കാണ്. ഇവി ചാർജിങ് യൂണിറ്റുകൾ നിർമിക്കുന്നതു സംബന്ധിച്ച് അഷ്ഗാലും കഹ്‌റാമയും തമ്മിൽ കരാർ ഉടൻ ഒപ്പുവയ്ക്കും. ബസ് വെയർഹൗസുകൾ, സ്‌റ്റേഷനുകൾ, മെട്രോ സ്‌റ്റേഷനുകൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 600 ചാർജിങ് ഉപകരണങ്ങൾ കഹ്‌റാമ നൽകും.
പ്രഥമ കാർബൺ രഹിത-പരിസ്ഥിതി സൗഹൃദ ഫിഫ ലോകകപ്പ് ലക്ഷ്യമിട്ടുള്ള ഖത്തറിന്റെ പരിസ്ഥിതി സംരക്ഷണ നയങ്ങളുടെ ഭാഗമാണ് പൊതുഗതാഗതത്തിനായി കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുന്നത്. 2022നകം രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിൽ 25 ശതമാനവും ഇ-ബസുകൾ ആയിരിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
2022 ഫിഫ ലോകകപ്പിനിടെ കാണികൾക്കുള്ള ഗതാഗത സേവനങ്ങളിൽ നിർണായക പങ്കു വഹിക്കുന്നത് ഇ-ബസുകൾ ആയിരിക്കും. സ്‌റ്റേഡിയങ്ങളിലുടനീളം സഞ്ചരിക്കാൻ ഏറ്റവുമധികം ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുന്ന ആദ്യ ചാംപ്യൻഷിപ്പും ഖത്തർ 2022 ലോകകപ്പ് തന്നെയാകുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം ടെക്‌നിക്കൽ കാര്യ വകുപ്പ് ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് ബിൻ ഖാലിദ് അൽതാനി വ്യക്തമാക്കി.
2030നകം രാജ്യത്തെ പൊതു ബസുകൾ, സർക്കാർ സ്‌കൂൾ ബസുകൾ, ദോഹ മെട്രോ ഫീഡർ ബസുകൾ എന്നിവ വൈദ്യുത ബസുകളാക്കി പരിവർത്തനം ചെയ്യും. ബസുകളിൽ നിന്നു പുറംതള്ളപ്പെടുന്ന കാർബൺ പ്രസരണം ഗണ്യമായി കുറയ്ക്കാൻ ഇതു സഹായകമാകും. പൊതുഗതാഗത മേഖലയിൽ വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്.
2022 ൽ അൽ വക്ര, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ, അൽ റയാൻ, ലുസെയ്ൽ എന്നിവിടങ്ങളിലായി നാല് വലിയ ബസ് വെയർ ഹൗസുകളും തുറക്കും. അൽ ഖ്വാസർ, വക്ര, ലുസെയ്ൽ, എജ്യൂക്കേഷൻ സിറ്റി എന്നീ മെട്രോ സറ്റേഷനുകളിലായി നാല് പാർക്ക് ആൻഡ് റൈഡ് പാർക്കിങ് പദ്ധതികളിൽ രണ്ടെണ്ണം തുറന്നു കഴിഞ്ഞു. ലുസെയ്ൽ, എജ്യൂക്കേഷൻ സിറ്റി കേന്ദ്രങ്ങളും ഉടൻ തുറക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല