1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2020

സ്വന്തം ലേഖകൻ: ഖത്തറിലേയ്ക്ക് പ്രവേശിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി വീണ്ടും 30 ദിവസം കൂടി നീട്ടാം. നിലവില്‍ ഒരു മാസമാണ് പെര്‍മിറ്റിന്റെ കാലാവധി. പെര്‍മിറ്റ് ലഭിച്ചിട്ടും ഒരു മാസത്തിനുള്ളില്‍ ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്കാണ് വീണ്ടും 30 ദിവസത്തേക്ക് കൂടി പെര്‍മിറ്റ് നീട്ടി നല്‍കുന്നത്. എന്നാല്‍ നിശ്ചിത വ്യവസ്ഥകള്‍ പാലിക്കണം.

കൊവിഡ്-19 പ്രതിസന്ധിയില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങി പോയ ഖത്തര്‍ താമസാനുമതി രേഖയുള്ള പ്രവാസികള്‍ക്ക് ദോഹയിലേക്ക് മടങ്ങി വരാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 1 മുതല്‍ക്കാണ് നിര്‍ബന്ധമാക്കിയത്. ഖത്തര്‍ ഐഡി കാലാവധി കഴിഞ്ഞവര്‍ക്കും മടങ്ങി വരാനുള്ള പെര്‍മിറ്റ് അനുവദിക്കുന്നുണ്ട്. ക്വാറന്റീനില്‍ കഴിയാനുള്ള ഹോട്ടല്‍ ലഭ്യത കുറവ് ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ മടങ്ങി വരാന്‍ കഴിയാതെ നാട്ടില്‍ തുടരുന്ന പ്രവാസികള്‍ക്ക് പുതിയ തീരുമാനം ഏറെ ആശ്വാസകരമാണ്.

ആദ്യം ലഭിച്ച പെര്‍മിറ്റിന്റെ കാലാവധി തീയതി അവസാനിച്ച് ഒരു ദിവസമെങ്കിലും കഴിഞ്ഞ ശേഷം വേണം കാലാവധി നീട്ടാനുള്ള അപേക്ഷ നല്‍കാന്‍.പെര്‍മിറ്റിന്റെ അപേക്ഷകന്‍ ഖത്തറിന് പുറത്തായിരിക്കണം.

സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഖത്തര്‍ ഐഡിയുള്ള അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് പെര്‍മിറ്റ് മുഖേന രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി. ജോലിക്കാര്‍ തൊഴിലുടമ മുഖേനയും കുടുംബാംഗങ്ങള്‍ സ്‌പോണ്‍സര്‍ മുഖേനയുമാണ് പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടത്. പെര്‍മിറ്റ് ലഭിക്കുന്ന ഖത്തര്‍ പ്രവാസി ദോഹയിലെത്തി ക്വാറന്റീനില്‍ കഴിയേണ്ടത് ഹോട്ടലിലാണോ വീട്ടിലാണോ എന്നതും പെര്‍മിറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതുപ്രകാരമാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. കൊവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 7 ദിവസം സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. കമ്പനി ജീവനക്കാര്‍ക്ക് തൊഴിലുടമകളും കുടുംബങ്ങള്‍ സ്വന്തം ചെലവിലുമാണ് ക്വാറന്റീനില്‍ കഴിയേണ്ടത്.

പെര്‍മിറ്റിന് അപേക്ഷ നല്‍കാനുള്ള ലിങ്ക് താഴെ:
https://portal.www.gov.qa/wps/portal/qsports/home

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.