സ്വന്തം ലേഖകൻ: ഖത്തറില്‍ സ്ഥിരതാമസാനുമതിയുള്ള പ്രവാസികളുടെ ആണ്‍മക്കള്‍ക്കും ഇനി സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യാം. ആഭ്യന്തരമന്ത്രാലയും ഭരണവികസന, തൊഴില്‍-സാമൂഹ്യ മന്ത്രാലയവും ചേര്‍ന്നാണ് മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പ്രവാസികള്‍ക്ക് ഗുണകരമാകുന്ന ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
നിലവില്‍ പ്രവാസി കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കു മാത്രമാണു ഖത്തറില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ ജോലി ചെയ്യാന്‍ അവസരമുള്ളത്. 2015ലെ 21-ാം തൊഴില്‍നിയമത്തിലെ പതിനേഴാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ടാണ് പ്രവാസി കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഏതു തൊഴിലുടമയുടെ കീഴിലും റസിഡന്‍സ് മാറാതെ ജോലി ചെയ്യാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
സ്വകാര്യമേഖലയിലെ ചില ജോലികള്‍ക്ക് താല്‍ക്കാലിക വിസ, ആഭ്യന്തരമന്ത്രാലയം ഓണ്‍ലൈന്‍ വഴി നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസില്‍ 20 ശതമാനം കുറവ് എന്നീ പരിഷ്‌കാരങ്ങളും ആഭ്യന്തരമന്ത്രാലയ, തൊഴില്‍-സാമൂഹ്യ മന്ത്രാലയ അധികൃതര്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സ്വകാര്യ കമ്പനികള്‍, വ്യാപാര സ്ഥാപനങ്ങള്‍, ലൈസന്‍സുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവയ്ക്കു താല്‍ക്കാലിക വിസ അനുവദിക്കും.
പ്രവാസികളുടെ ആണ്‍മക്കള്‍ക്കു സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യാന്‍ കുടുംബനാഥന്റെ രേഖാമൂലമുള്ള അനുമതി പത്രം ഹാജരാക്കി ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് പെര്‍മിറ്റ് നേടണം. പെര്‍മിറ്റിന് ആവശ്യമായ ഫീസ് അടച്ച് ഖത്തര്‍ വിസ കേന്ദ്രങ്ങള്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. തൊഴില്‍ മന്ത്രാലയത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആഭ്യന്തര മന്ത്രാലയമാണു വിസ അനുവദിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല