സ്വന്തം ലേഖകൻ: ഈ വര്‍ഷം നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ക്കായി ടിക്കറ്റ് ലഭിച്ചവര്‍ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് സ്വന്തമാക്കണമെന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ഗെലസി അറിയിച്ചു. മത്സരവേദികളിലേക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ ഹയ്യാ കാര്‍ഡ് നിര്‍ബന്ധമാണ്. കളികാണാന്‍ എത്തുന്ന ഫുട്ബോള്‍ പ്രേമികള്‍ക്ക് താമസ സൗകര്യങ്ങള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ആരംഭിച്ചതായി സുപ്രീം കമ്മിറ്റി പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഖത്തറിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് കളി കാണാനെത്തുന്ന തങ്ങളുടെ കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും താമസ സൗകര്യമൊരുക്കാന്‍ അവസരം ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, ചില നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ഇത് അനുവദിക്കുകയുള്ളൂ. ഖത്തറില്‍ താമസക്കാരനായ ആതിഥേയന്‍ വെബ്സൈറ്റ് വഴി നേരത്തേ ഇതിനായി രജിസ്റ്റര്‍ ചെയ്യണം. വിദേശങ്ങളില്‍ നിന്നു വരുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിശദാംശങ്ങള്‍ അതില്‍ നല്‍കുകയും വേണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അവര്‍ക്കുള്ള ഹയ്യാ ഫാന്‍ കാര്‍ഡിന് അപേക്ഷ നല്‍കേണ്ടത്. ഒരാള്‍ക്ക് 10 പേരെ രാജ്യത്തേക്ക് കൊണ്ടുവരാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കും. 100 റിയാല്‍ നല്‍കിയാല്‍ നേരത്തേ രജിസ്റ്റര്‍ ചെയ്ത ഒരാളെ മാറ്റി മറ്റൊരാള്‍ക്ക് താമസത്തിന് അവസരം നല്‍കാനും സംവിധാനമുണ്ട്. ലോകകപ്പ് സമയത്തുള്ള ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം താമസ സൗകര്യങ്ങള്‍ ഒരുക്കേണ്ടതെന്നും അധികൃതര്‍ പറഞ്ഞു. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റായി ഖത്തര്‍ ലോകകപ്പിനെ മാറ്റാനാണ് തങ്ങളുടെ ശ്രമമെന്ന് സംഘാടകര്‍ അറിയിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന കാണികള്‍ക്ക് താമസ സ്ഥലങ്ങള്‍ ബുക്ക് ചെയ്യുന്നതിനായി പ്രത്യേക വെബ്സൈറ്റ് പ്രാദേശിക സംഘാടക സമിതി ലോഞ്ച് ചെയ്തിട്ടുണ്ട്. ഇതുവഴി ഫുട്ബോള്‍ ആരാധകര്‍ക്കായി ഖത്തര്‍ ഒരുക്കിയിട്ടുള്ള വൈവിധ്യമാര്‍ന്ന താമസ സൗകര്യങ്ങളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ഖത്തറിലെ താമസക്കാരല്ലാത്ത കാണികള്‍ക്ക് താമസ ബുക്കിംഗ് നിര്‍ബന്ധമാണ്. താമസത്തിനായി ഹോട്ടലുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, വില്ലകള്‍, വെക്കേഷന്‍ ഹോമുകള്‍, ക്രൂയിസ് ഷിപ്പുകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തിലേറെ സൗകര്യങ്ങള്‍ ഒരുക്കിയതായി സുപ്രീം കമ്മിറ്റി അക്കമഡേഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഉമര്‍ അല്‍ ജാബിര്‍ പറഞ്ഞു. ബര്‍വ സിറ്റി വില്ലേജിനു കീഴില്‍ 25,000ത്തോളം റൂമുകളും രണ്ട് ക്രൂയിസ് ഷിപ്പുകളിലായി 4000ത്തോളം മുറികളും തയ്യാറാണ്. ഇതിനു പുറമെ, വിവിധ മേഖലകളിലും ലോകകപ്പിനെത്തുന്ന കാണികള്‍ക്കായി താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുപ്രീം കമ്മിറ്റി വെബ്സൈറ്റിലെ ഇതിനായി പ്രത്യേകമായുള്ള ലിങ്ക് വഴിയാണ് താമസത്തിന് ബുക്ക് ചെയ്യണ്ടേത്. ഇതിനു പുറമെ, സാമ്പ്രദായിക രീതിയില്‍ ഹോട്ടല്‍, ഹോളിഡേ അക്കമഡേഷന്‍ ബുക്കിംഗ് വെബ്സൈറ്റ് വഴിയും കാണികള്‍ക്ക് താമസസൗകര്യം കണ്ടെത്താം. വിദേശത്തു നിന്നു വരുന്നവര്‍ താമസത്തിനായുള്ള ബുക്കിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അവര്‍ക്ക് ഹയ്യാ കാര്‍ഡ് അപേക്ഷാ നടപടികളും പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നും അധികൃതര്‍ അറിയിച്ചു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ ഹയ്യാ കാര്‍ഡിന്റെ ഡിജിറ്റല്‍ കോപ്പി സ്മാര്‍ട്ട് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫിഫ അറബ് കപ്പില്‍ നടപ്പാക്കി വിജയിച്ച ഹയ്യാ കാര്‍ഡ് സംവിധാനത്തിന്റെ നടപടിക്രമങ്ങള്‍ ഇത്തവണ കൂടുതല്‍ ലളിതമാക്കിയതായും അല്‍ കുവാരി വ്യക്തമാക്കി. ആദ്യ തവണത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഫിഫ അറബ് കപ്പിനേക്കാള്‍ ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിനായി വിദേശത്തുനിന്നു വരുന്ന കാണികള്‍ക്ക് ഹയ്യാ കാര്‍ഡ് വഴി എന്‍ട്രി പെര്‍മിറ്റ് നേടാന്‍ കഴിയുമെന്ന് സെക്യൂരിറ്റി ഓപറേഷന്‍സ് കമ്മിറ്റി പ്രതിനിധി ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. ഈ കാര്‍ഡ് ഉപയോഗിച്ച് ഒരു ദിവസത്തേക്ക് മാത്രം ഖത്തറിലെത്തി കളി കണ്ട് തിരിച്ചുപോവുകയും ചെയ്യാം. ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ സൗകര്യം ഏറെ ഉപകാരപ്പെടും.
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.qatar2022.qa/en/home hgnbpw Hayya to Qatar 2022 എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഹയ്യാ കാര്‍ഡിന് അപേക്ഷ നല്‍കാം. മൊബൈല്‍ ആപ്പ് ആന്‍ഡ്രോയിഡിലും ഐഒഎസ്സിലും ലഭ്യമാവും. ലോകകപ്പ് മത്സരങ്ങള്‍ക്കായി ടിക്കറ്റ് സ്വന്തമാക്കിയവര്‍ക്ക് സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കണമെങ്കില്‍ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് നിര്‍ബന്ധമാണെന്ന് സുപ്രീം കമ്മിറ്റി ഹയ്യാ കാര്‍ഡ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ സഈദ് അല്‍ കുവാരി പറഞ്ഞു. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് മറ്റു നിരവധി ആനുകൂല്യങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. മത്സര ദിനങ്ങളിലേക്ക് മെട്രോയിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലുള്ള സൗജന്യ യാത്ര, ഖത്തറില്‍ താമസക്കാരല്ലാത്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള എന്‍ട്രി പെര്‍മിറ്റ് എന്നിവയെല്ലാം ഹയ്യാ കാര്‍ഡ് വഴി ലഭ്യമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല