1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2022

സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് ആസ്വദിക്കുന്നതിനായി ഖത്തറിലെത്തുന്നവര്‍ക്ക് മികച്ച താമസ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ് അധികൃതര്‍. ചെറിയ തുകയ്ക്കുള്ള മുറികള്‍ മുതല്‍ ക്രൂയിസ് കപ്പലുകളിലെ അത്യാഢംബര സ്യൂട്ടുകള്‍ വരെ ഫുട്‌ബോള്‍ ആരാധകരെ വരവേല്‍ക്കാനായി ഖത്തര്‍ ഒരുക്കിക്കഴിഞ്ഞു. ഖത്തറിലേക്കെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് താമസിക്കാന്‍ മിതമായ നിരക്കില്‍ ആകര്‍ഷകമായ താമസ സൗകര്യങ്ങള്‍ ലോകകപ്പ് ഖത്തര്‍ ഒഫീഷ്യല്‍ അക്കമഡേഷന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാണെന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയിലെ ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒമര്‍ അല്‍ ജാബര്‍ പറഞ്ഞു.

www.qatar2022.qa എന്ന ഔദ്യോഗിക അക്കമഡേഷന്‍ പ്ലാറ്റ്ഫോമില്‍ 2,000 പരമ്പരാഗതവും ആധുനികവുമായ ഫൈവ് സ്റ്റാര്‍ ക്യാമ്പുകള്‍ ആരാധകര്‍ക്കായി ലഭ്യമാണെന്ന് ഖത്തര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അല്‍ ഖോറിലെ ഫാന്‍ വില്ലേജില്‍ മാത്രം 200 ഫൈവ് സ്റ്റാര്‍ പരമ്പരാഗത ക്യാമ്പുകള്‍ ലഭ്യമാണ്. ഓരോ ക്യാമ്പിലും രണ്ട് കിടക്കകളും ഒരു കുളിമുറിയും വീതം സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്ക് മതിയായ സൗകര്യങ്ങളോടെ താമസിക്കാന്‍ ഇവ ധാരാളമാണെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, ആരാധക ഗ്രാമങ്ങളില്‍ വിവിധ വിനോദ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഫുട്‌ബോള്‍ മത്സരങ്ങള്‍ ലൈവായി കാണുന്നതിന് കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്നും അല്‍ ജാബര്‍ പറഞ്ഞു. ആധുനിക രീതിയിലുള്ള 1,800 താമസ ക്യാമ്പുകളും ആരാധകര്‍ക്കായി ഖിതൈഫാന്‍ ദ്വീപില്‍ പ്രത്യേകമായി ഒരുക്കിയ ഫാന്‍ വില്ലേജില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇവ കൂടി അക്കമഡേഷന്‍ പ്ലാറ്റ്‌ഫോമില്‍ ചേര്‍ത്തിട്ടുണ്ടെന്നും അല്‍ ജാബര്‍ പറഞ്ഞു.

മല്‍സര ടിക്കറ്റുകളുടെ വില്‍പ്പന ആരംഭിച്ചതിനു ശേഷം താമസ സൗകര്യങ്ങള്‍ ബുക്കി ചെയ്യുന്ന കാര്യത്തില്‍ വലിയ ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനകം 130,000 മുറികള്‍ ഔദ്യോഗിക അക്കമഡേഷന്‍ പ്ലാറ്റ്ഫോമിലൂടെ ബുക്ക് ചെയ്യപ്പെടുകയുണ്ടായി. ലോകത്തിന്റെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ ഫിഫ ലോകകപ്പിന് എത്തുന്നവര്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിനായി ഔദ്യോഗിക അക്കമഡേഷന്‍ പ്ലാറ്റ്ഫോം 2022 മാര്‍ച്ച് മുതല്‍ പ്രവര്‍ത്തിച്ചുവരുന്നതായും അല്‍ ജാബര്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ സ്റ്റാര്‍ വിഭാഗങ്ങളിലെ ഹോട്ടലുകള്‍, ദോഹ തുറമുഖത്ത് ഫ്ളോട്ടിംഗ് ഹോട്ടലുകളായി പ്രവര്‍ത്തിക്കുന്ന ഭീമന്‍ ക്രൂയിസ് കപ്പലുകള്‍, ഒരു സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റാലിറ്റി സര്‍വീസ് പ്രൊവൈഡര്‍ നിയന്ത്രിക്കുന്ന താല്‍ക്കാലിക ഹോട്ടലുകളായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് അപ്പാര്‍ട്ടുമെന്റുകള്‍, വില്ലകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സൗകര്യങ്ങളാണ് അക്കമഡേഷന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വ്യത്യസ്ത മേഖലകളിലായി സ്ഥിതിചെയ്യുന്ന ഫാന്‍ വില്ലേജുകളില്‍ പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ക്യാമ്പുകളിലെ ക്യാബിന്‍ മാതൃകയിലുള്ള താമസ സൗകര്യങ്ങളും പ്ലാറ്റ്‌ഫോമില്‍ അടുത്ത കാലത്തായി ഉള്‍പ്പെടുത്തിയിട്ടുണ്ട്- അല്‍ ജാബര്‍ പറഞ്ഞു.

ലോകകപ്പ് സമയത്ത് ഫ്ളോട്ടിംഗ് ഹോട്ടലുകളായി പ്രവര്‍ത്തിക്കുന്ന രണ്ട് ഭീമന്‍ ക്രൂയിസ് കപ്പലുകള്‍ സജ്ജമായിക്കഴിഞ്ഞു. നവംബര്‍ 10, 14 തീയതികളില്‍ ഈ ആഢംബര കപ്പലുകള്‍ ദോഹ തുറമുഖത്ത് നങ്കൂരമിടുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു കപ്പലുകളിലുമായി 9,500ലധികം ആരാധകരെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ 4,000 മുറികള്‍ ഒരുക്കിയിട്ടുണ്ട്. തിയറ്ററുകള്‍, സിനിമാ ഹാളുകള്‍, സ്പോര്‍ട്സ് ഏരിയ, ഗെയിമുകള്‍, സ്വിമ്മിംഗ് പൂളുകള്‍, കൊമേഴ്സ്യല്‍ ഔട്ട്ലെറ്റുകള്‍, റെസ്റ്റോറന്റുകള്‍ എന്നിങ്ങനെ യാത്രാ കപ്പലുകളില്‍ ഉണ്ടാവാറുള്ള എല്ലാ സൗകര്യങ്ങളും ഇവയിലും ഉണ്ടാവും. കപ്പലുകള്‍ യാത്ര ചെയ്യുന്നതിനു പകരം അവ ടൂര്‍ണമെന്റ് അവസാനിക്കുന്നത് വരെ ദോഹ തുറമുഖത്ത് നങ്കൂരമിടുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

മുറികളിലെ സൗകര്യങ്ങള്‍, കടലിലോട് അഭിമുഖമായിട്ടാണോ അല്ലയോ തുടങ്ങി മുറികളുടെ സ്ഥാനം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൂയിസ് കപ്പലുകളിലെ മുറികളുടെ വിലയില്‍ വ്യത്യാസമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുമായി ഖത്തറിലേക്ക് വരുന്ന അന്താരാഷ്ട്ര ആരാധകര്‍ ഔദ്യോഗിക അക്കമഡേഷന്‍ പ്ലാറ്റ്‌ഫോമായ www.qatar2022.qaയില്‍ ലഭ്യമായ വൈവിധ്യമാര്‍ന്ന താമസ സൗകര്യങ്ങള്‍ തെരഞ്ഞെടുത്ത് രാജ്യത്തെ താമസം പരമാവധി ആസ്വദിക്കാന്‍ മുന്നോട്ടുവരണമെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയിലെ ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒമര്‍ അല്‍ ജാബര്‍ പറഞ്ഞു.

അതേസമയം, ഔദ്യോഗിക അക്കമഡേഷന്‍ പ്ലാറ്റ്‌ഫോമിന് പുറത്തുള്ള മറ്റ് ഏജന്‍സികള്‍ വഴിയും മുറികള്‍ ബുക്ക് ചെയ്യാന്‍ അവസരമുണ്ടായിരിക്കും. ലോകകപ്പ് വേളയില്‍ സന്ദര്‍ശകരായി എത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സ്വന്തം വീടുകളില്‍ താമസമൊരുക്കാനുള്ള സൗകര്യവും രാജ്യത്തെ സ്വദേശികളും വിദേശികളുമായ താമസക്കാര്‍ക്ക് ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.