1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2022

സ്വന്തം ലേഖകൻ: ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സഹായവുമായി ബ്രിട്ടീഷ് സൈനികരും ദോഹയിലെത്തും. ലോകകപ്പ് മത്സരങ്ങളെ ഭീകരവാദ ഭീഷണികളില്‍ നിന്നും മറ്റ് പ്രശ്‌നങ്ങളില്‍ നിന്നും സുരക്ഷിതമാക്കാനും മത്സരത്തിനെത്തുന്ന ഖത്തറിന് സൈനിക സഹായം നല്‍കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ബ്രിട്ടനിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് മന്ത്രാലയത്തിന്‍റെ സഹായ വാഗ്ദാനം.

ബ്രിട്ടീഷ് റോയല്‍ നേവിയുടെ ഭാഗത്ത് നിന്നുള്ള സമുദ്ര സുരക്ഷ ഉള്‍പ്പെടെയുള്ള സഹായങ്ങളാണ് ബ്രിട്ടന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനു പുറമെ, മത്സരങ്ങള്‍ക്കു മുമ്പായി വേദികള്‍ പരിശോധിച്ച് സുരക്ഷ ഒരുക്കുന്നതിനുള്ള പരിശീലനം, കമാന്‍റ് ആന്‍റ് കണ്‍ട്രോള്‍ സേവനങ്ങള്‍ എന്നിവയും ബ്രിട്ടീഷ് സൈന്യം നല്‍കും. വ്യോമയാന സുരക്ഷ ഉറപ്പുവരുത്തി ഭീകരാക്രമണ ഭീഷണികള്‍ ചെറുക്കുന്നതിന് ബ്രിട്ടീഷ്, ഖത്തര്‍ റോയല്‍ എയര്‍ ഫോഴ്‌സുകള്‍ സംയുക്തമായി സന്നാഹങ്ങള്‍ ഒരുക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

2020 ജൂണ്‍ മുതല്‍ ഖത്തര്‍ അമീരി എയര്‍ ഫോഴ്‌സും ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സും ജോയിന്‍റ് ടൈഫൂണ്‍ സ്‌ക്വാഡ്രന്‍ എന്ന പേരില്‍ സംയുക്ത പരിശീലനങ്ങള്‍ നടത്തിവന്നിരുന്നു. ഇത് ലോകകപ്പ് സുരക്ഷയെ ഏറെ സഹായിക്കുമെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സുരക്ഷിതമായി ലോകകപ്പ് മല്‍സരങ്ങള്‍ ആസ്വദിക്കുവാന്‍ അവസരമൊരുക്കുന്നതിനായി ടൂര്‍ണമെന്റില്‍ ഉടമനീളം എയര്‍ പോലിസിംഗ് നടത്താന്‍ ബ്രിട്ടനും ഖത്തറും കൈകോര്‍ക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു.

ലോകകപ്പ് വേളയില്‍ ഖത്തര്‍ അമീരി എയര്‍ഫോഴ്‌സാണ് വ്യോമ സുരക്ഷയ്ക്ക് പ്രധാനമായും നേതൃത്വം നല്‍കുകയെങ്കിലും ബ്രിട്ടന്‍റെ സഹായം അത് കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകകപ്പ് സുരക്ഷ ഒരുക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സുരക്ഷാ സേനകളുടെ പങ്കാളിത്തം ഖത്തര്‍ നേരത്തേ ഉറപ്പുവരുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.