1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2022

സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന് വ്യോമ സുരക്ഷ നല്‍കാന്‍ ബ്രിട്ടനില്‍ നിന്ന് 12 സ്‌ക്വാഡ്രണ്‍ യുദ്ധ വിമാനങ്ങള്‍ എത്തി. ഖത്തരി അമീരി വ്യോമസേനയ്ക്കു വേണ്ടിയാണ് ദുഖാന്‍ എയര്‍ബേസിലേയ്ക്ക് 12 യുദ്ധ വിമാനങ്ങള്‍ എത്തിയത്. ഫിഫ ലോകകപ്പിനിടെ ഖത്തറിന്റെ ആകാശത്ത് സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ചുള്ള പ്രതിരോധ സഹകരണത്തിന്റെ ഭാഗമായാണ് യുദ്ധ വിമാനങ്ങളുടെ വരവ്.

ഖത്തരി അമീരി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എയര്‍ബേസിലെത്തിയ വിമാനങ്ങളെ സ്വീകരിച്ചത്. ഖത്തരി അമീരി എയര്‍ ഫോഴ്‌സും യുകെ റോയല്‍ എയര്‍ ഫോഴ്‌സും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2018 ജൂലൈയില്‍ രൂപീകരിച്ച ഖത്തര്‍-യുകെ ടൈഫൂണ്‍ സ്‌ക്വാഡ്രണിന്റെ (12 സ്‌ക്വാഡ്രണ്‍) യുദ്ധ വിമാനങ്ങളാണിത്. ഇരു രാജ്യങ്ങളിലെയും വ്യോമസേനകള്‍ തമ്മിലുള്ള പരിശീലനം, ആകാശ സുരക്ഷ എന്നിവ ലക്ഷ്യമിട്ടുള്ളതാണിത്. അടുത്തിടെയാണ് ബ്രിട്ടനില്‍ നിന്ന് ഖത്തര്‍ വാങ്ങിയ യൂറോഫൈറ്റര്‍ ടൈഫൂണ്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ ബാച്ച് ഖത്തറിലെത്തിയത്.

പഴുതടച്ച സുരക്ഷ ഉറപ്പാക്കിയുള്ള ഫിഫ ലോകകപ്പിനാണ് ഖത്തര്‍ തയാറെടുക്കുന്നത്. ബ്രിട്ടനു പുറമെ യുഎസ് ഹോംലാന്‍ഡ്, നാറ്റോ സഖ്യം, തുര്‍ക്കി, പാക്കിസ്ഥാന്‍ ഉള്‍പ്പെടെ മുന്‍നിര ലോക രാജ്യങ്ങളെല്ലാം ഫിഫ ലോകകപ്പില്‍ ഖത്തറിന് സുരക്ഷാ പിന്തുണ നല്‍കുന്നുണ്ട്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.