സ്വന്തം ലേഖകൻ: ലോകകപ്പിലേക്ക് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ ദോഹ കോർണിഷിലെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കോർണിഷിനൊപ്പം ലോകകപ്പിനോടനുബന്ധിച്ച് മത്സരങ്ങളുടെ തത്സമയ പ്രദർശനങ്ങളും കലാപരിപാടികളും സംഗീതക്കച്ചേരികളും നടക്കുന്ന സൂഖ് വാഖിഫ്, അൽ ബിദ്ദ പാർക്ക് എന്നിവിടങ്ങളിലെ ഒരുക്കങ്ങളും തകൃതിയാണ്. തത്സമയ മത്സരങ്ങൾ പ്രദർശിപ്പിക്കുന്ന വലിയ ടെലിവിഷൻ സ്ക്രീനുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ മൂന്നിടങ്ങളിലും വിപുലമായ നവീകരണപ്രവർത്തനങ്ങളാണ് നടക്കുന്നത്.
കോർണിഷിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (മിയ) പാർക്കുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശിൽപങ്ങളും ഫ്ലാഗ് പ്ലാസയും സ്ഥാപിച്ചു. ലോകകപ്പ് സമയത്ത് ഷെറാട്ടൻ ഗ്രാൻഡ് ദോഹ മുതൽ മിയ പാർക്ക് വരെ നീളുന്ന ആറ് കിലോമീറ്റർ കോർണിഷ് റോഡ് പൂർണമായും കാർണിവൽ അന്തരീക്ഷത്തിലായിരിക്കും. റോവിങ് പ്രകടനങ്ങൾ, കലാ സാംസ്കാരിക പരിപാടികൾ, ഭക്ഷ്യ-പാനീയ കൗണ്ടറുകൾ, റീട്ടെയിൽ ഔട്ട്ലറ്റുകൾ എന്നിവ ഇവിടെയുണ്ടാകും. കോർണിഷ് റോഡിൽ നവംബർ ഒന്ന് മുതൽ ഗതാഗത വിലക്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. ലോകകപ്പ് കഴിയുന്നത് വരെ കാൽനടക്കാർക്ക് മാത്രമായിരിക്കും പ്രവേശനം.
ലോകകപ്പ് സമയത്ത് പ്രതിദിനം 120,000ത്തിലധികം ആരാധകർ കോർണിഷിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 10 മുതൽ കലാ, സാംസ്കാരിക, സംഗീത പരിപാടികൾ ആരംഭിക്കും. സന്ദർശകർക്ക് ഖത്തറിന്റെ പരമ്പരാഗത ബോട്ടുകളിൽ ചുറ്റിക്കറങ്ങാനും ദോഹ നഗരത്തെ അടുത്തറിഞ്ഞ് നടന്ന് കാണാനുമുള്ള സൗകര്യവുമുണ്ടായിരിക്കും. സൂഖ് വാഖിഫ്, കോർണിഷ്, വെസ്റ്റ് ബേ, അൽ ബിദ്ദ പാർക്ക് മെേട്രാ സ്റ്റേഷനുകൾ ഉപയോഗിച്ച് കോർണിഷ്, സൂഖ് വാഖിഫ് എന്നിവിടങ്ങളിലെത്തിച്ചേരാനും കഴിയും.
ഏറ്റവും വലിയ ഫാൻ സോണിനായി അൽ ബിദ്ദ പാർക്കും തയാറെടുക്കുകയാണ്. അന്തർദേശീയ തലത്തിൽ പ്രമുഖരായ കലാകാരന്മാരും ഖത്തരി കലാകാരന്മാരും അണിനിരക്കുന്ന കലാ, സാംസ്കാരിക പരിപാടികൾക്കും തനത് പ്രാദേശിക, അന്തർദേശീയ ഭക്ഷ്യ വിഭവങ്ങൾ രുചിച്ചറിയാനുള്ള വിശാലമായ ഫുഡ്കോർട്ടിനും അൽ ബിദ്ദ പാർക്ക് വേദിയാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫുട്ബാൾ ഇതിഹാസങ്ങൾ പങ്കെടുക്കുന്ന പരിപാടികളും അൽ ബിദ്ദ പാർക്കിൽ നടക്കും. അൽ ബിദ്ദ പാർക്കിലെ ഫാൻ സോൺ നവംബർ 20ന് ആരാധകർക്കായി തുറന്നുകൊടുക്കും. പ്രതിദിനം 40,000 സന്ദർശകരെ വരെ സ്വീകരിക്കാനുള്ള ശേഷിയും ഇതിനുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല