സ്വന്തം ലേഖകൻ: ‘ഇറ്റ്സ് കമിങ് ഹോം… ഇറ്റ്സ് കമിങ് ഹോം… ഫുട്ബാൾ ഈസ് കമിങ് ഹോം… ദിസ് ടൈം ഫോർ ഷ്യൂവർ ഇറ്റ്സ് കമിങ് ഹോം…’-ഇംഗ്ലണ്ടിലെ നോർവിച് സിറ്റിയിൽനിന്നുമെത്തിയ സ്റ്റീഫനും കൂട്ടുകാരും ദോഹ കോർണിഷിലെ ഫ്ലാഗ് പ്ലാസയിൽ തൂവെള്ളയിൽ റെഡ് ക്രോസുള്ള ദേശീയ പതാക വീശുമ്പോൾ തൊട്ടരികിലായി തൃശൂർപൂര നഗരിയിലെ ആവേശം പോലെ ചെണ്ടയും വാദ്യമേളങ്ങളും കൊട്ടിക്കയറുന്നു. മുഖത്തും ശരീരങ്ങളിലും ചുവപ്പും വെള്ളയും നിറങ്ങളിൽ ഇംഗ്ലണ്ടിന്റെ ആവേശം ആരാധകരിലേക്ക് പകരുന്ന കാലാകാരന്മാർ.
ഹാരി കെയ്നും കെയ്ൽ വാകറും കുപ്പായക്കാർ നിരനിരയായി നടന്നുനീങ്ങുന്ന ‘ത്രീലയൺസിന്റെ’ ആഘോഷവേദിയിൽനിന്നും വിളിപ്പാടകലെ, അർജന്റീനയുടെ ജനസാഗരം തുടികൊട്ടുന്നു. നീലയും വെള്ളിയും കുപ്പായത്തിൽ കണ്ണെത്താ ദൂരെ വരിവരിയായി ആരാധകരുടെ നീണ്ട നിര. സ്ത്രീകളും കുട്ടികളും കൈക്കുഞ്ഞുങ്ങളും അടങ്ങിയ അർജന്റീന ആരാധക ആവേശത്തിനിടയിൽ തലയുയർത്തി സൂപ്പർ താരം ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട്. കുപ്പായങ്ങളിലെല്ലാം പത്താം നമ്പറിൽ മെസ്സി മാത്രമായിരുന്നു. ഫ്ലാഗ് പ്ലാസയിൽനിന്ന് വൈകീട്ട് മൂന്നോടെ തുടങ്ങിയ ഫ്ലാഗ് റാലി ദോഹ കോർണിഷ് വഴി നടന്നകന്നു.
കളിയാവേശം നിറഞ്ഞ കാഴ്ചകളിലേക്ക് ഫുട്‌ബോൾ ലഹരിയുമായി ആരാധകർ എത്തിത്തുടങ്ങിയതോടെ ദോഹ കോർണിഷിൽ ആരവങ്ങളും ആഘോഷങ്ങളും മാത്രം. ഖത്തറിന്റെ പ്രധാന ആകർഷണ കേന്ദ്രമായ ദോഹ കോർണിഷിലെ ഫ്ലാഗ് പ്ലാസയിലും തൊട്ടപ്പുറത്തെ ലോകകപ്പ് കൗണ്ട് ഡൗൺ ക്ലോക്കിന് അരികെയും ആരാധകത്തിരക്കേറി തുടങ്ങി.
യൂറോപ്യൻ, ആഫ്രിക്കൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ള ഫുട്‌ബോൾ ആരാധകരാണ് ഇതുവരെ എത്തിച്ചേർന്നവരിൽ അധികവും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രതിനിധികളും എത്തിത്തുടങ്ങി. ഫ്ലാഗ് പ്ലാസയിലും കൗണ്ട് ഡൗൺ ക്ലോക്കിന് മുൻപിലുമാണ് ആരാധക കൂട്ടങ്ങളുടെ സൊറ പറച്ചിലും ഒത്തുകൂടലും.
ഫുട്‌ബോളിന്റെയും ഇഷ്ടതാരങ്ങളുടെയും ഖത്തറിന്റെയും ചിത്രങ്ങൾ പതിച്ച തൊപ്പികളും ടീ ഷർട്ടുകളും ഇഷ്ട ടീമുകളുടെ ജഴ്‌സിയും ധരിച്ചും ജന്മനാടിന്റെ തനത് വേഷവിധാനങ്ങളിൽ ദേശീയ പതാകയുമേന്തി ഒറ്റയ്ക്കും സംഘമായും നടക്കുന്നവരെയും കാണാം.
ഫ്ലാഗ് പ്ലാസയുടെ വർണക്കാഴ്ചകൾക്ക് നടുവിൽ നിന്ന് ചിത്രങ്ങളും വിഡിയോകളും എടുക്കുന്നവരുമുണ്ട്. ആരാധകർക്കിടയിലെ വ്ലോഗർമാരും ഖത്തർ കാഴ്ചകൾ ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും റീൽ ആക്കാനുള്ള തിരക്കിലാണ്. വേനൽ ചൂടും നടത്തവും വകവയ്ക്കാതെ സകലരും ഫുട്‌ബോൾ ലഹരിയിലാണ്. രാത്രി വൈകിയും ദോഹ കോർണിഷ് സജീവമാണ്.
സ്വകാര്യ വാഹനങ്ങൾ, ബൈക്കുകൾ, ഇ-സ്‌കൂട്ടറുകൾ തുടങ്ങി ഗതാഗതം പൂർണമായും നിരോധിച്ചാണ് ദോഹ കോർണിഷിന്റെ പ്രവർത്തനം. 19നാണ് ദോഹ കോർണിഷിലെ കാർണിവൽ വേദികളും അൽബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദികളും ഉണരുക. അതുവരെ സൂഖ് വാഖിഫ്, ഖത്തർ ദേശീയ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്, ദോഹ തുറമുഖം, ബോക്‌സ് പാർക്ക്, ഹോട്ടൽ പാർക്ക് തുടങ്ങി ആരാധകർക്ക് കാണാനും അറിയാനും കാഴ്ചകൾ ഏറെയുണ്ട്.
ഈ മാസം 16ന് ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയായ അൽ ബിദ പാർക്കിൽ വൈകിട്ട് വിനോദ പരിപാടികളുടെ റിഹേഴ്‌സൽ ഇവന്റും ആരാധകർക്കായി നടത്തും. 12 വർഷത്തെ തയാറെടുപ്പുകളുടെയും കാത്തിരിപ്പിന്റെയും അവസാനം, ലോകകപ്പ് ഉത്സവനാളുകളിലേക്ക് ഇനി 8 നാളിന്റെ ദൂരം മാത്രമാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല