സ്വന്തം ലേഖകൻ: ഫലപ്രദമായ കൊവിഡ്-19 വാക്‌സീൻ ഉറപ്പായതോടെ കാണികളുടെ പങ്കാളിത്തത്തോടെ 2022 ഫിഫ ലോകകപ്പ് സാധാരണനിലയിൽ നടത്താമെന്ന ആത്മവിശ്വാസത്തിൽ തന്നെയെന്ന് ഖത്തർ. കൊവിഡിനെ തുടർന്ന് ഈ വർഷത്തെ യൂറോപ്യൻ ചാംപ്യൻഷിപ്പും ഒളിംപിക്‌സുമെല്ലാം റദ്ദാക്കിയതോടെ മധ്യപൂർവദേശത്തെ പ്രഥമ ഫിഫ ലോകകപ്പിൽ കൊവിഡിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ഖത്തർ ആശങ്കപ്പെട്ടിരുന്നു.
കാണികളില്ലാതെയും എണ്ണം കുറച്ചുമാണ് നിലവിൽ കായിക ടൂർണമെന്റുകൾ നടക്കുന്നത്. എന്നാൽ കൊവിഡ് വാക്സീനിന്റെ വരവ് ലോകത്തിലെ മുഴുവൻ പേർക്കും ശുഭവാർത്തയാണെന്ന് മാത്രമല്ല അടുത്ത വർഷം മുതൽ ടൂർണമെന്റുകളിൽ വലിയതോതിൽ കാണികളുടെ പങ്കാളിത്തം ഉറപ്പിക്കാമെന്ന പ്രതീക്ഷ കൂടിയാണ് നൽകുന്നതെന്നും 2022 ലോകകപ്പ് ചീഫ് എക്‌സിക്യൂട്ടീവ് നാസർ അൽ ഖാദർ വ്യക്തമാക്കി.
പൂർണമായും സാധാരണനിലയിൽ കാണികളുടെ സാന്നിധ്യത്തിൽ വിജയകരമായ ലോകകപ്പ് 2022ൽ ലോകത്തിന് സമർപ്പിക്കാമെന്ന വലിയ പ്രതീക്ഷയിൽ തന്നെയാണ് രാജ്യമെന്നും അസോഷ്യേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിൽ അൽ ഖാദർ വെളിപ്പെടുത്തി. കൊവിഡിന് ശേഷം കായികമേഖല എത്രയും വേഗത്തിൽ സാധാരണനിലയിലേക്ക് എത്തുമെന്ന പ്രതീക്ഷയും അൽ ഖാദർ പങ്കുവച്ചു.
2022 നവംബർ 21നാണ് ഫിഫ ലോകകപ്പിന് തുടക്കം. ഏതാണ്ട് 600കോടി ഡോളർ ചെലവിട്ടുള്ള ലോകകപ്പ് തയാറെടുപ്പുകൾ അന്തിമഘട്ടത്തിലാണ്. 8 സ്‌റ്റേഡിയങ്ങളിൽ മൂന്നെണ്ണം പൂർത്തിയായി. നാലാമത്തെ സ്റ്റേഡിയമായ അൽ റയ്യാൻ ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന് ഉദ്ഘാടനം ചെയ്യും. അവശേഷിക്കുന്ന സ്റ്റേഡിയങ്ങൾ അടുത്തവർഷവും 2022 ആദ്യവുമായി പൂർത്തിയാകും. അടിസ്ഥാന സൗകര്യങ്ങളും 90 ശതമാനത്തോളം പൂർത്തിയായി.
2022 ഫിഫ ലോകകപ്പിൽ മുപ്പതിനായിരത്തോളം വൊളന്റിയർമാരുടെ സേവനം പ്രതീക്ഷിക്കാം. കാണികൾക്കും കളിക്കാർക്കും അതിഥികൾക്കുമെല്ലാം മികച്ച സേവനം നൽകാൻ 20,000-30,000 വൊളന്റിയർമാരെയാണ് തേടുന്നതെന്ന് ഫിഫ ലോകകപ്പ് ഖത്തർ 2022 സിഇഒ നാസർ അൽ ഖാദർ വ്യക്തമാക്കി. വൻകിട ടൂർണമെന്റുകൾ കൈകാര്യം ചെയ്യാൻ വൊളന്റിയർമാർക്ക് വിദഗ്ധ പരിശീലനമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യാന്തര വൊളന്റിയർ ദിനാചരണത്തിന്റെ ഭാഗമായായിരുന്നു നാസർ അൽ ഖാദറിന്റെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല