സ്വന്തം ലേഖകൻ: ലോകകപ്പ് കാണാൻ ഖത്തറിൽ എത്തുന്ന എല്ലാവർക്കും യാത്രയ്ക്ക് മുൻപുള്ള കോവിഡ് പരിശോധന നിർബന്ധം. ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസഫ് അൽ മസലമനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് ഖത്തറിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും.
ഖത്തറിന്റെ യാത്രാ നയം അനുസരിച്ച് രാജ്യത്തേക്ക് എത്തുന്ന എല്ലാത്തരം സന്ദർശകർക്കും യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ അതത് രാജ്യങ്ങളിലെ സർക്കാർ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തിയ കോവിഡ് പിസിആർ അല്ലെങ്കിൽ 24 മണിക്കൂർ കാലാവധിയുള്ള (ദോഹയിൽ എത്തിച്ചേരുമ്പോൾ 24 മണിക്കൂർ കവിയരുത്) റാപ്പിഡ് ആന്റിജൻ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
നിലവിലെ പുതുക്കിയ നയം അനുസരിച്ച് കോവിഡ് വാക്‌സീൻ എടുക്കാത്തവർക്കും ഖത്തറിലെത്താം. അതേസമയം സന്ദർശകർക്ക് യാത്രയ്ക്ക് മുൻപുള്ള കോവിഡ് പരിശോധനാ നയത്തിൽ മാറ്റമില്ല. ഖത്തർ പൗരന്മാർക്കും ഖത്തർ ഐഡിയുള്ള പ്രവാസി താമസക്കാർക്കും വിദേശയാത്ര കഴിഞ്ഞ് തിരികെ എത്തുമ്പോൾ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതി. 24 മണിക്കൂറിനുള്ളിൽ അംഗീകൃത കേന്ദ്രങ്ങളിലെത്തി ആന്റിജൻ പരിശോധന നടത്തണം.
ലോകകപ്പ് കാണികൾക്കുള്ള ഫാൻ ഐഡിയായ ഹയ്യാ കാർഡിന് ഇതുവരെ 4.5 ലക്ഷം പേർ അപേക്ഷിച്ചതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എക്സിക്യൂട്ടിവ് ഡയറക്ടർ സഈദ് അൽ കുവാരി അറിയിച്ചു. സൗദി, അമേരിക്ക, ബ്രിട്ടൻ, മെക്സികോ എന്നിവിടങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്. ഇതിനകം ഖത്തറിലും വിദേശരാജ്യങ്ങളിലുമായി രണ്ടു ലക്ഷം പ്രിന്റ് ചെയ്ത കാർഡുകൾ വിതരണം ചെയ്തു. ഹോം ഡെലിവറി വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കാർഡ് എത്തിക്കുന്നതായും അറിയിച്ചു.
ഹമദ് വിമാനത്താവളം ഉൾപ്പെടെ വിവിധ പ്രിന്റിങ് കേന്ദ്രങ്ങളുമുണ്ടാവും. നവംബർ ഒന്ന് മുതലാണ് വിദേശരാജ്യങ്ങളിൽനിന്നുള്ള ഹയാ കാർഡ് ഉടമകൾക്ക് ഖത്തറിലേക്ക് പ്രവേശനം നൽകുന്നത്. ഡിസംബർ 23വരെ ഇവർക്ക് രാജ്യത്ത് എത്താൻകഴിയും. 2023 ജനുവരി 23 വരെ രാജ്യത്ത് തുടരാൻ അനുവാദമുണ്ട്. ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനത്തിന് ഹയാ കാർഡ് നിർബന്ധമാണ്. പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്രാസൗകര്യവുമുണ്ടാവും.
ഹയ്യാ കാർഡിൽ ടിക്കറ്റില്ലാത്ത അതിഥികളെ ഉൾപ്പെടുത്താനുള്ള സൗകര്യം ഒക്ടോബർ ആദ്യ വാരത്തിൽ പ്രവർത്തനസജ്ജമാവുമെന്നും സഈദ് അൽ കുവാരി പറഞ്ഞു. ഇതോടെ, ഹയ്യാ കാർഡ് ഉടമകൾക്ക് മാച്ച് ടിക്കറ്റില്ലാത്ത സ്വന്തക്കാരെ രജിസ്റ്റർ ചെയ്യാൻ കഴിയും. 500 റിയാലാണ് ഒരാൾക്കായി നൽകേണ്ടത്. 12 വയസ്സിന് താഴെയുള്ളവർക്ക് രജിസ്ട്രേഷൻ സൗജന്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല