സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഖത്തറിനെതിരേ ആഗോള തലത്തില്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഖത്തര്‍ ശൂറാ കൗണ്‍സിലിലിന്റെ അമ്പത്തി ഒന്നാമത് സെഷന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തിലാണ് ഖത്തറിനെതിരേ നടക്കുന്ന ആരോപണങ്ങളുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്ത് അമീര്‍ രംഗത്തെത്തിയത്. ആരോപണങ്ങള്‍ക്കും പിന്നില്‍ ഗൃഢലക്ഷ്യങ്ങളുണ്ടെന്നും അവ അവഗണിക്കുകയാണെന്നും അമീര്‍ വ്യക്തമാക്കി.
ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ തെരഞ്ഞെടുക്കപ്പെട്ട നാള്‍ മുതല്‍ തുടങ്ങിയതാണ് രാജ്യത്തിനെതിരായ ക്യാംപയിനെന്ന് അമീര്‍ കുറ്റപ്പെടുത്തി. ലോകത്തെ ഒരു ആതിഥേയ രാജ്യവും ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള വ്യാജപ്രചാരണങ്ങളാണ് ഖത്തറിനെതിരെ നടന്നത്. തുടക്കത്തില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഖത്തര്‍ ഈ ആരോപണങ്ങളെ കണ്ടത്. രാജ്യത്തന്റെ വിവിധ മേഖലകളെ മെച്ചപ്പെടുത്താനും അനുഗുണമായ മാറ്റങ്ങള്‍ കൊണ്ടുവരാനും സഹായിക്കുന്ന ആരോഗ്യകരമായ വിമര്‍ശനങ്ങളായാണ് പല വിമര്‍ശനങ്ങളെയും കണക്കാക്കിയത്.
എന്നാല്‍ വിമര്‍ശനങ്ങള്‍ അതി ശക്തമായ തുടരുകയും ഇല്ലാത്തതും കെട്ടിച്ചമച്ചവയുമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുകയും ചെയ്തതോടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണെന്ന് തിരിച്ചറിഞ്ഞതായും അമീര്‍ തുറന്നടിച്ചു. പലരുടെയും ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതായിരുന്നു ഖത്തറിനെതിരായ വ്യാജ ആരോപണങ്ങള്‍. ഖത്തറിനെതിരായ ക്യാംപയിന്‍ എല്ലാ പരിധികളും ലംഘിച്ചതോടെ ഈ ക്യാംപയിനിന്റെ ഉദ്ദേശ ശുദ്ധിയെയും ലക്ഷ്യങ്ങളെയും കുറിച്ച് സംശയങ്ങളുയര്‍ത്താന്‍ നിരവധി പേര്‍ മുന്നോട്ടുവന്നതായും ഖത്തര്‍ അമീര്‍ പറഞ്ഞു.
ആരാണ് ഖത്തരികള്‍ എന്ന് ലോകത്തിനു മുന്നില്‍ തുറന്നുകാണികാനുള്ള അവസരമാണ് ഈ ലോകപ്പ് ഫുട്‌ബോളെന്നും അമീര്‍ പറഞ്ഞു. നമ്മുടെ വിശ്വാസ്യതയും കരുത്തും ലോകത്തിന് മുമ്പില്‍ കാണിച്ചുകൊടുക്കാനുള്ള സുവര്‍ണാവസരമാണ് രാജ്യത്തിന് കൈവന്നിരിക്കുന്നത്. നമ്മുടെ ദേശീയ പദ്ധതികളെയും വികസന സംരംഭങ്ങളെയും കൂടുതല്‍ സമഗ്രമാക്കുകയും സാമ്പത്തിക, സുരക്ഷാ, ഭരണ നിര്‍വഹണ മേഖലകളെ ശക്തിപ്പെടുത്തുകയും സാംസ്‌കാരിക മേഖലകളില്‍ കൂടുതല്‍ തുറസ്സ് അനുവദിക്കുകയും ചെയ്തു കൊണ്ടാണ് ഖത്തര്‍ ഈ വെല്ലുവിളിയെ ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെയും സ്ഥാപനങ്ങളുടെയും മികവ് പ്രകടിപ്പിക്കാന്‍ മാത്രമല്ല ഖത്തറിന്റെ സംസ്‌കാരിക സ്വത്വം ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ നമ്മള്‍ ആരാണ് എന്ന് ലോകത്തിന് കാട്ടിക്കൊടുക്കാനുള്ള അവസരം കൂടിയാണിതെന്നും അമീര്‍ പറഞ്ഞു.
ഖത്തര്‍ പോലെയുള്ള ഒരു ചെറിയ രാജ്യം ഇതുവരെ കൈവരിച്ചതും ഇനി കൈവരിക്കാനിരിക്കുന്നതുമായ നേട്ടങ്ങളെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുകയെന്നത് ശ്രമകരമായ കാര്യമാണെന്നും അമീര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അറബ് ലോകത്തെ ആദ്യ ലോകകപ്പ് എന്ന വെല്ലുവിളി ഏറ്റെടുക്കാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ടെന്ന് ഞങ്ങള്‍ തെളിയിച്ചിരിക്കുകയാണ്. ലോകകപ്പിന് വേണ്ടി ഖത്തറിനെ ഒരുക്കുന്ന കാര്യത്തില്‍ ഖത്തരികളും പ്രവാസികളും ഒരു പോലെ മുന്നോട്ടുവന്നതായും അദ്ദേഹം എടുത്തുപറഞ്ഞു. അതേപോലെ സൗഹൃദ രാജ്യങ്ങളും ഖത്തറിന് സഹായവുമായി രംഗത്തെത്തി. ഇത്തരം വലിയ ഇവന്റുകള്‍ ലോകത്ത് സഹകരണവും ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ ഭിന്നതകള്‍ സൃഷ്ടിക്കുകയല്ലെന്നും അമീര്‍ പറഞ്ഞു. കാരണം ലോകകപ്പിന്റെ വിജയം എന്നത് എല്ലാവരുടെയും വിജയമാണ്- അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പ് ഒരു ചരിത്ര സംഭവമാണ്, അതോടൊപ്പം അത് മാനുഷികത പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണെന്നും അമീര്‍ പറഞ്ഞു. ലോകകപ്പിനെ വരവേല്‍ക്കാന്‍ രാജ്യം എല്ലാ അര്‍ത്ഥത്തിലും ഒരുങ്ങികഴിഞ്ഞു. ഏതാനും പദ്ധതികള്‍ അവസാന മിനിക്കുപണികളിലാണ്. അതിനാല്‍ നമുക്ക് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തുടരാം. ഓരോരുത്തരും അവരില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുക. അതുവഴി രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തുക. എല്ലാവരെയും സ്വാഗതം ചെയ്യാനായി നമുക്ക് നമ്മുടെ കരങ്ങള്‍ ലോകത്തിന് മുമ്പാകെ നീട്ടിപ്പിടിക്കാം. ഖത്തറിന്റെ അതിഥി മര്യാദയും ഉദാരതയും ലോകം അനുഭവിക്കട്ടെ, ഖത്തര്‍ അമീര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല