സ്വന്തം ലേഖകൻ: ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയ്യാ പ്ലാറ്റ്ഫോമിലെയും മൊബൈല്‍ ആപ്ലിക്കേഷനിലെയും ഫാമിലി ആന്റ് ഫ്രണ്ട്സ് സേവനം നവംബര്‍ ഒന്നു വരെ മാത്രമേ ലഭിക്കുകയുള്ളൂ എന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു. അതോടെ, നവംബര്‍ ഒന്നു മുതല്‍ ഫിഫ വേള്‍ഡ് കപ്പ് 2022 ടിക്കറ്റ് ഉടമകള്‍ക്ക് ഖത്തറിലെത്തുന്ന അവരുടെ കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി താമസ സൗകര്യം ബുക്ക് ചെയ്യാനുള്ള അവസരം ഹയ്യാ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഓരോ ടിക്കറ്റ് ഉടമക്കും നവംബര്‍ ഒന്നിനു മുമ്പായി സുരക്ഷാ ക്ലിയറന്‍സ് ലഭ്യമാക്കുന്നതിന് ആവശ്യമായ സമയം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. കാരണം നവംബര്‍ ഒന്നിനു ശേഷം ഖത്തറിലേക്ക് വരുന്നതിനുള്ള ആധികാരികയായി രേഖയായി ഹയ്യാ കാര്‍ഡാണ് പരിഗണിക്കപ്പെടുക.
അതിനാല്‍ നവംബര്‍ ഒന്നിനു മുമ്പായി തന്നെ ഹയ്യാ കാര്‍ഡ് ഉടമകളുടെ സുരക്ഷാ പരിശോധനകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. നവംബര്‍ ഒന്നു വരെ ഹയ്യാ പ്ലാറ്റ്‌ഫോമിലെ ഫാമിലി ആന്റ് ഫ്രണ്ട്സ് സേവനത്തിനായി അപേക്ഷിക്കുന്നത് തുടരാം. അതിനു ശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമുള്ള താമസ ബുക്കിംഗ് ഖത്തര്‍ അക്കമഡേഷന്‍ ഏജന്‍സി വഴിയോ മൂന്നാം കക്ഷി ബുക്കിംഗ് പ്ലാറ്റ്ഫോമുകള്‍ വഴിയോ ചെയ്യാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
ഹയ്യാ കാര്‍ഡില്‍ ഖത്തറിലേക്ക് വരുന്നവര്‍ ആരോഗ്യ ഇന്‍ഷ്യൂറന്‍സ്, കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, റിട്ടേണ്‍ ടിക്കറ്റ് എന്നിവ കയ്യില്‍ കരുതണമെന്ന് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അംഗീകൃത താമസ രേഖകള്‍ സമര്‍പ്പിച്ചെങ്കിലേ ഹയ്യ കാര്‍ഡ് ലഭിക്കുകയുള്ളൂ. ഫിഫ 2022 ലോകകപ്പിന്റെ അക്കമഡേഷന്‍ പ്ലാറ്റ്ഫോമിലൂടേയും മറ്റു അംഗീകൃത സൈറ്റുകളിലൂടേയും അക്കമഡേഷന്‍ ബുക്ക് ചെയ്യാം.
സ്വന്തം പേരില്‍ വാടക കരാറുകളുള്ളവര്‍ക്ക് തങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി പത്തു പേര്‍ക്കു വരെ ആതിഥ്യമരുളാം. അതേസമയം, വ്യാജ താമസ ബുക്കിംഗുകള്‍ നടത്തുന്നവര്‍ക്ക് ഹയ്യാ കാര്‍ഡ് ലഭിച്ചാലും അവ അസാധുവാക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല