സ്വന്തം ലേഖകൻ: ലോകകപ്പ് ആരാധകരെ സ്വീകരിക്കുന്ന തിരക്കിൽ ഖത്തറിന്റെ ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളങ്ങൾ. രണ്ടിടങ്ങളിലുമായി 90 വിമാനങ്ങളാണ് ഓരോ മണിക്കൂറിലും വന്നുപോകുന്നത്. സന്ദർശകരെയും ആരാധകരെയും സ്വീകരിക്കാനും തിരക്ക് കൈകാര്യം ചെയ്യാനും ഇരു വിമാനത്താവളങ്ങളും പൂർണ സജ്ജമാണെന്ന് ഹമദ് വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബദർ മുഹമ്മദ് അൽമീർ വ്യക്തമാക്കി.
എയർട്രാഫിക് വികസന പദ്ധതിയിലൂടെ മണിക്കൂറിൽ കൈകാര്യം ചെയ്യാവുന്ന വിമാനങ്ങളുടെ എണ്ണം നൂറായി ഉയർത്തിയിട്ടുണ്ട്. ഖത്തറിലേക്കു വരുന്നതും പുറത്തേക്കു പോകുന്നതുമായ വ്യോമ റൂട്ടുകൾ 17 വ്യത്യസ്ത പാതകളാക്കിയിട്ടുമുണ്ട്. കൂടുതൽ വ്യോമഗതാഗത നീക്കം ഉറപ്പാക്കുന്നതിനും സുരക്ഷ കൈവരിക്കുന്നതിനും വായുവിൽ വിമാനങ്ങൾക്ക് പ്രവേശിക്കാവുന്ന മേഖലകൾ വർധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഒരേസമയം മൂന്നു ലാൻഡിങും ടേക്ക് ഓഫും കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ശേഷി.
ഹമദ് വിമാനത്താവളത്തിലെ ഖത്തർ എയർ കൺട്രോൾ സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സഹായകമാണ് വെർച്വൽ ടവർ. മധ്യപൂർവദേശത്ത് ഇത്തരമൊരു സംവിധാനം ആദ്യമാണ്. ബ്ലൈൻഡ് സ്പോട്ടുകൾ നിരീക്ഷിക്കാനും പ്രതിദിന വ്യോമഗതാഗതം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും. വിമാനങ്ങളുടെയും വാഹനങ്ങളുടെയും ട്രാഫിക് വിദൂരമായി നിയന്ത്രിക്കാനും നിരീക്ഷിക്കാനും കഴിയും. സെപ്റ്റംബർ ആദ്യ ആഴ്ചയിലാണ് ഖത്തർ വെർച്വൽ ടവർ പ്രവർത്തന ക്ഷമമാക്കിയത്.
ഫിഫ ലോകകപ്പിനെത്തുന്നവർക്ക് ഒരുക്കിയിരിക്കുന്ന എംഎസ്‌സിയുടെ 3 ആഡംബര കപ്പലുകളിലും ആദ്യ ആഴ്ചയിലെ ബുക്കിങ് നൂറുശതമാനം. ക്രൂസ് ഷിപ്പ് ഹോട്ടലുകളായി വിഭാവനം ചെയ്തിരിക്കുന്ന 3 കപ്പലുകളും ദോഹ തുറമുഖത്താണ് നങ്കൂരമിട്ടിരിക്കുന്നത്.
3 കപ്പലുകളിലായി 10,000 പേർക്ക് താമസിക്കാം. എംഎസ്‌സി വേൾഡ് യൂറോപ്പ, എംഎസ്‌സി പോയ്‌സിയ എന്നിവയ്ക്കു പുറമെ മൂന്നാമത്തെ കപ്പലായ എംഎസ്‌സി ഒപ്പേറയും ദോഹ തുറമുഖത്തെത്തി. സന്ദർശകർക്ക് ആഡംബര സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആധുനിക ക്രൂസ് ഷിപ്പ് ഹോട്ടലാണ് എംഎസ്സി ഒപ്പേറ. കടലിനഭിമുഖമായുള്ള പരമ്പരാഗത കാബിനുകൾ ബാൽക്കണികൾ, ആഡംബര സ്യൂട്ടുകൾ എന്നിവ പ്രത്യേകതകളാണ്.
വൈവിധ്യമാർന്ന ഭക്ഷ്യരുചികൾ, വിനോദപരിപാടികൾ എന്നിവയുമുണ്ട്. 275 മീറ്റർ നീളവും 32 മീറ്റർ വീതിയുമുള്ള കപ്പലിന് 13 നിലകളാണുള്ളത്. 1,075 മുറികളിലായി 2,679 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. അത്യാധുനികവും പാരിസ്ഥിതികമായി നൂതനവുമായ വേൾഡ് യൂറോപ്പയിൽ 22 ഡെക്കുകൾ, 2626 കാബിനുകൾ, ഏഴു നീന്തൽക്കുളങ്ങൾ, 13 വേൾപൂളുകൾ, ഭക്ഷ്യവിഭവങ്ങളും പാനീയങ്ങളും വിതരണം ചെയ്യാനായി 33 റസ്റ്റോറന്റുകളും ലോഞ്ചുകളും ഉണ്ട്.
47 മീറ്ററാണ് വീതി. 40,000 മീറ്റർ സ്‌ക്വയർ പൊതുഇടവുമുണ്ട്. പ്രകൃതി സൗഹൃദ ഇന്ധനമായ ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ കപ്പലാണിത്. ചതുർനക്ഷത്ര ഫ്ളോട്ടിങ് ഹോട്ടലാണ് എംഎസ്‌സി പോയ്‌സിയ.
1,265 ക്യാബിനുകൾ, മൂന്നു നീന്തൽക്കുളങ്ങൾ, സ്പാ, വെൽനസ് സെന്റർ, സിനിമ, പൂൾസൈഡ്, ടെന്നീസ്, ബാസ്‌ക്കറ്റ്ബോൾ കോർട്ടുകൾ, 15 കോഫി ഷോപ്പുകൾ, ഇവന്റ‌്‌വേദികൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ലോകകപ്പിനായി ഖത്തറിലെത്തുന്നവർക്ക് നൽകുന്ന വിവിധ താമസ സൗകര്യങ്ങളിൽ ഒന്നാണ് ക്രൂസ് ഷിപ്പ് ഹോട്ടലുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല