സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പ് കാണാൻ മത്സര ടിക്കറ്റ് എടുത്താൽ മാത്രം പോരാ ഫാൻ ഐഡി അഥവാ ഹയാ കാർഡ് നിർബന്ധമാണെന്ന് അധികൃതരുടെ ഓർമപ്പെടുത്തൽ. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ടിക്കറ്റ് എടുത്തവർ ഹയ കാർഡിന് അപേക്ഷിക്കാൻ മറക്കരുതെന്ന് ആവർത്തിച്ച് ഓർമപ്പെടുത്തുന്നത്.
പ്രിന്റഡ് കാർഡ് നിർബന്ധമില്ല പകരം ടിക്കറ്റ് ഉടമയുടെ പക്കൽ ഡിജിറ്റൽ ഹയാ കാർഡ് മതി. ഹയാ കാർഡിന്റെ മൊബൈൽ ആപ്പിലൂടെ (Hayya) ഡിജിറ്റൽ കാർഡ് ലഭ്യമാണ്. അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ ആപ്പിൽ സേവനം ലഭിക്കും. മത്സര ടിക്കറ്റ് ബുക്കിങ്, താമസ ബുക്കിങ്, ഖത്തർ എയർവേയ്‌സിൽ വിമാന ടിക്കറ്റ് ബുക്കിങ് തുടങ്ങിയ സേവനങ്ങളും ആപ്പിലുണ്ട്. ടിക്കറ്റ് എടുത്ത ശേഷം വേണം ഹയാ കാർഡിന് അപേക്ഷിക്കാൻ. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ ഡിപ്പൻഡന്റ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫിഫയുടെ മൂന്നാം ഘട്ട ടിക്കറ്റ് വിൽപന നിലവിൽ പുരോഗമിക്കുന്നുണ്ട്. ആദ്യമെത്തുന്നവർക്ക് ആദ്യം എന്നതാണ് വിൽപന രീതി. ടിക്കറ്റ് തിരഞ്ഞെടുത്ത് അപ്പോൾ തന്നെ പണം അടച്ച് സ്വന്തമാക്കാം. ഓഗസ്റ്റ് 16 ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.00 വരെയാണ് നിലവിലെ ടിക്കറ്റ് വിൽപനയുടെ സമയപരിധി. സുപ്രീം കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന കാർഡ് സംബന്ധിച്ച് വിവരങ്ങൾ അറിയാം.
ഫിഫ ലോകകപ്പ് മത്സരം കാണാനെത്തുന്ന എല്ലാ കാണികൾക്കും ഹയ കാർഡ് നിർബന്ധമാണ്. വിദേശീയർക്ക് മാത്രമല്ല ഖത്തറിലുള്ള സ്വദേശി, പ്രവാസി താമസക്കാർക്കും സ്റ്റേഡിയത്തിൽ പ്രവേശിക്കണമെങ്കിൽ സ്ഥിരീകരിച്ച ടിക്കറ്റിനൊപ്പം ഹയ കാർഡും നിർബന്ധമാണ്. ടിക്കറ്റ് എടുക്കാത്തവർ, ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർ തുടങ്ങി സാധാരണ സന്ദർശകർക്കും ടൂർണമെന്റ് സമയങ്ങളിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ ഹയ കാർഡ് വേണം.
മത്സര ടിക്കറ്റ് സ്വന്തമാക്കിയവർക്ക് താമസ സൗകര്യം ബുക്ക് ചെയ്യുന്നതിന് മുൻപു തന്നെ ഹയാ കാർഡിനുള്ള അപേക്ഷാ നടപടികൾ ആരംഭിക്കാം. വിദേശ കാണികളെ സംബന്ധിച്ച് ഹയാ കാർഡ് അപേക്ഷാ നടപടികൾ പൂർത്തിയാകണമെങ്കിൽ താമസ സൗകര്യം സംബന്ധിച്ച സ്ഥിരീകരണം നിർബന്ധമാണ്.
ടിക്കറ്റ് ഉടമകൾക്ക് ഹോട്ടലുകൾ, അപ്പാർട്‌മെന്റുകൾ, കപ്പലുകൾ, ഫാൻ വില്ലേജുകൾ അല്ലെങ്കിൽ ഖത്തറിലെ പ്രവാസി താമസക്കാരായ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഒപ്പമോ താമസിക്കാം. എവിടെയാണെങ്കിലും താമസ സൗകര്യത്തിന്റെ കൃത്യമായ മേൽവിലാസം അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല