സ്വന്തം ലേഖകൻ: മെട്രാഷ് വഴി ലേലം ചെയ്ത ലോകകപ്പ് ലോഗോ പതിച്ച സ്പെഷ്യൽ നമ്പറുകൾ ജൂൺ മുതൽ വാഹനങ്ങളിൽ ഘടിപ്പിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം. പുതിയ വാഹനങ്ങളിൽ മാത്രമാണ് ലോഗോ പതിച്ച നമ്പർ േപ്ലറ്റുകൾ ഘടിപ്പിക്കാൻ അനുവാദമുള്ളൂ. മിലിപോളിനോടനുബന്ധിച്ച് ട്രാഫിക് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
മിലിപോളിൽ ലോകകപ്പ് ലോഗോ പതിപ്പ നമ്പർ േപ്ലറ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. മേയ് 22ന് രാവിലെ എട്ടിന് ആരംഭിച്ച ഓൺലൈൻ ലേലം 25ന് രാത്രി 10 മണിക്ക് അവസാനിച്ചു. സ്പെഷ്യൽ നമ്പറുകൾ നീക്കിവെച്ചാണ് ഇലക്ട്രോണിക് ലേലം നടന്നത്.
ലോകകപ്പ് ഫുട്ബോൾ കാണാൻ ടിക്കറ്റ് എടുത്തവർക്കു ഹയ ഡിജിറ്റൽ കാർഡ് (ഫാൻ ഐഡി) ലഭ്യമാക്കി അധികൃതർ. രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കാൻ ഹയ കാർഡ് നിർബന്ധമാണ്.
വിദേശ കാണികൾക്കൊപ്പം ഖത്തറിലെ സ്വദേശി, പ്രവാസി താമസക്കാർക്കും സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ ടിക്കറ്റിനൊപ്പം ഹയ കാർഡും നിർബന്ധമാണ്. കാർഡ് ഉടമകൾക്കു ദോഹ മെട്രോ, കർവ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങളിൽ സൗജന്യ യാത്ര ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.വിദേശ കാണികൾക്കു ഖത്തറിലേക്കുള്ള പ്രവേശന വീസ കൂടിയാണ് ഹയ കാർഡ്. ടിക്കറ്റെടുത്ത ശേഷം കാർഡിന് അപ്രൂവൽ ലഭിച്ചാലുടൻ ഹയ മൊബൈൽ ആപ്പിൽ ഡിജിറ്റൽ കാർഡ് ലഭ്യമാകും.
ഹയ കാർഡിന്റെ പ്രിന്റ് വേണമെന്നുള്ളവർക്കു ഖത്തറിലെ നിർദിഷ്ട കേന്ദ്രങ്ങളിൽ നിന്നു കാർഡ് നേരിട്ടു വാങ്ങാം. അതേസമയം കാണികളുടെ കൈവശം ഡിജിറ്റൽ ഹയ കാർഡ് മതിയെന്നു സുപ്രീം കമ്മിറ്റി ഹയ കാർഡ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടർ സയീദ് അൽ ഖുവാരി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ടിക്കറ്റ് ഉടമകൾക്ക് രാജ്യത്തേക്കുള്ള പ്രവേശന പെർമിറ്റായി ഹയ മാച്ച് ഡേ പാസും ലഭിക്കും. ടിക്കറ്റ് ഉടമ രാജ്യത്തെത്തുന്ന തീയതി മുതൽ 48 മണിക്കൂർ വരെ മാത്രമാണു പാസിന്റെ കാലാവധി. മാച്ച് ഡേ പാസിനായി നിയമസാധുതയുള്ള മത്സര ടിക്കറ്റും പാസ്‌പോർട്ടും നിർബന്ധമാണ്. ടിക്കറ്റ് എടുത്ത് താമസം ബുക്ക് ചെയ്ത ശേഷം വേണം ഹയ കാർഡിന് അപേക്ഷിക്കാൻ.
ഹയ കാർഡിന് അപേക്ഷിക്കാനുള്ള ലിങ്ക്: https://hayya.qatar2022.qa/
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല